
തിരുവനന്തപുരം : ഗർഭധാരണത്തെ സഹായിക്കാനായി മരുന്നുകൾ കഴിച്ച വിവരം ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസിയെ അറിയിച്ചിട്ടും, തന്നെ ഉത്തേജക മരുന്നടിയുടെ പേരിൽ താത്കാലികമായി വിലക്കിയ നടപടിയുടെ സങ്കടത്തിലാണ് 2018ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ മലയാളി അത്‌ലറ്റ് വി.കെ വിസ്മയ.
കഴിഞ്ഞ ആഗസ്റ്റ് 15ന് മത്സരസമയത്തല്ലാതെ നടത്തിയ പരിശോധനയിലാണ് വിസ്മയയുടെ സാമ്പിളിൽ ക്ലോമിഫൈൻ എന്ന മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആദ്യത്തെ ഗർഭം അലസിപ്പോയതിനാൽ വീണ്ടും ഗർഭധാരണത്തിന് വേണ്ടി താൻ ചികിത്സയിലായിരുന്ന കാര്യം വിസ്മയ നാഡയെ അറിയിക്കുകയും കഴിച്ച മരുന്നുകളുടെ പട്ടികയും ഡോക്ടറുടെ കുറിപ്പടിയും കൈമാറുകയും ചെയ്തിരുന്നു. എന്നാൽ അത് പരിഗണിക്കാതെ പരിശോധനയിൽ പരാജയപ്പെട്ടതായി മെയിൽ അയയ്ക്കുകയാണ് നാഡ ചെയ്‌തത്. രണ്ട് വർഷത്തേക്കുവരെ വിലക്ക് വരാവുന്ന കുറ്റമാണെന്നാണ് നാഡ അറിയിച്ചിരിക്കുന്നത്. ജൂൺ ഒന്നിന് തായ്‌പേയ്‌യിൽ നടന്ന മീറ്റിലാണ് വിസ്മയ അവസാനമായി ട്രാക്കിലിറങ്ങിയത്. അതിന് ശേഷമാണ് ചികിത്സ തേടിയത്. ആർത്തവചക്രം ക്രമപ്പെടുത്താനുള്ള മരുന്നുകളാണ് ഡോക്ടർ നൽകിയത്. ചികിത്സയ്ക്ക് ഫലമുണ്ടായി ഇപ്പോൾ മൂന്ന് മാസം ഗർഭിണിയാണ്. ഗർഭകാല ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നതിനാൽ വിശ്രമത്തിലുമാണ്. ഭർത്താവ് ആനന്ദ് ആർമിയിലാണ്.
ഗർഭം അടിയന്തിര ആവശ്യമല്ല !
കായിക രംഗത്തുള്ളവർക്ക് അടിയന്തിര സാഹചര്യങ്ങളിൽ ഉത്തേജക അംശങ്ങൾ അടങ്ങിയ മരുന്നുകൾ കഴിക്കുന്നതിൽ ആന്റി ഡോപ്പിംഗ് ഏജൻസി ഇളവുകൾ നൽകിയിട്ടുണ്ട്. ഇക്കാര്യമറിയിച്ച് ഡോക്ടറുടെ കുറിപ്പടി നൽകിയാൽ വിലക്കിൽ നിന്ന് ഒഴിവാക്കും. എന്നാൽ അടിയന്തര ആവശ്യങ്ങൾക്ക് ഒഴിവാക്കിയിട്ടുള്ള മരുന്നുകളുടെ പട്ടികയിൽ വിസ്മയ കഴിച്ച മരുന്നുകളില്ല. ഗർഭധാരണം അടിയന്തിര ആവശ്യമല്ല എന്നാണ് ഡോപ്പിംഗ് ഏജൻസി പറയുന്നത്.
വിവാഹം കഴിഞ്ഞിട്ടു രണ്ട് വർഷമായി. ഒരു കുഞ്ഞുവേണമെന്ന മോഹംകൊണ്ടാണ് ചികിത്സ തേടിയത്. ഇക്കാര്യങ്ങളെല്ലാം പരിശോധന വേളയിൽ നാഡയെ അറിയിച്ചിരുന്നതുമാണ്. അഞ്ചുവർഷത്തോളമായി സ്ഥിരം നാഡയുടെ പരിശോധനയ്ക്ക് വിധേയയാകുന്നുണ്ട്. ഇതിനുമുമ്പൊരിക്കലും പരാജയപ്പെട്ടിട്ടില്ല. കുഞ്ഞുണ്ടായിക്കഴിഞ്ഞ് കായിക രംഗത്ത് തിരിച്ചെത്തണമെന്നാണ് മോഹം. മനപ്പൂർവ്വം ഉത്തേജകം ഉപയോഗിച്ചിട്ടില്ല, ഉപയോഗിക്കുകയുമില്ല.
- വി.കെ വിസ്മയ
തന്റെ ചികിത്സാവിവരങ്ങൾ വിസ്മയ നാഡയെ അറിയിച്ചിട്ടും നടപടിയിലേക്കുള്ള നീങ്ങുന്നത് മനുഷ്യാവകാശ
ലംഘനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അത്‌ലറ്റാണെന്ന് കരുതി ഗർഭിണിയാകരുതെന്ന് പറയാനാകുമോ ?. ഏറ്റവും സന്തോഷവതിയായിരിക്കേണ്ട സമയത്ത് ഒരു പെൺകുട്ടിയെ മനോവിഷമത്തിലാക്കരുത്.
- എം.എസ്. വർഗീസ് ( സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ)