gold-emi

കൊച്ചി: സ്വർണപ്പണയ വായ്പകൾക്ക് പ്രതിമാസ തിരിച്ചടവ് തവണകൾ(ഇ.എം.ഐ) ഏർപ്പെടുത്താൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരുങ്ങുന്നു. സ്വർണ വായ്പകളിലെ തട്ടിപ്പും തിരിമറികളും ഒഴിവാക്കാൻ റിസർവ് ബാങ്ക് നിർദ്ദേശമനുസരിച്ചാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. വായ്പയെടുക്കുന്ന ദിവസം തന്നെ മുതലും വായ്പയും കണക്കാക്കി ഇ.എം.ഐ നിശ്ചയിക്കുന്നതാണ് പുതിയ രീതി. നിലവിൽ ഉപഭോക്താക്കൾ സ്വർണ വായ്പയെടുത്ത ശേഷം കാലാവധി തീരുന്ന ദിവസമോ അതിന് മുമ്പോ ഒരുമിച്ച് പണമടച്ച് സ്വർണം തിരിച്ചെടുക്കുന്ന രീതിയാണുള്ളത്. കാലാവധി തീരുന്ന ദിവസം പലിശ അടച്ച് വായ്പ പുതുക്കാനും അവസരമുണ്ടായിരുന്നു.

സ്വർണാഭരണങ്ങൾ പണയമായി സ്വീകരിച്ച് വായ്പകൾ അനുവദിക്കുന്നതിലും മൂല്യം നിശ്ചയിക്കുന്നതിലും പലിശ കണക്കാക്കുന്നതിലും വലിയ പാളിച്ചകളുണ്ടെന്ന് സെപ്തംബർ 30ന് പുറത്തിറക്കിയ റിപ്പോർട്ടിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വർണ വായ്പകളെ ടേം ലോണുകളായി കണക്കായി ഇ.എം.ഐ സംവിധാനത്തിലേക്ക് മാറുന്നത്.