
റിയോ ഡി ജനീറോ: ബ്രസീൽ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിലേക്ക് തിരിച്ചു. ഇന്നലെ റിയോ ഡി ജനീറോയിൽ സമാപിച്ച ജി 20 ഉച്ചകോടിയിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും ഇന്ത്യ സ്വീകരിച്ച നടപടികളും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളും മോദി വിശദീകരിച്ചു.
ഗയാനയിലെ ജോർജ്ജ് ടൗണിൽ ഇന്ത്യാ-കാരിക്കോം ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് മൂന്ന് ദിവസത്തെ സന്ദർശനം. ഗയാന പാർലമെന്റിനെയും ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും. 56 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. ഉച്ചകോടിക്കിടെ ഡൊമിനിക്കയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രസിഡന്റ് സിൽവാനി ബർട്ടൻ മോദിക്ക് സമ്മാനിക്കും. കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരിക്കോം (കരീബിയൻ കമ്മ്യൂണിറ്റി).
# ഇന്ത്യ - യു.കെ വ്യാപാര കരാർ
സാങ്കേതികവിദ്യ, ഗ്രീൻ എനർജി, സുരക്ഷ, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ജി 20 നേതാക്കളുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി
ഇന്ത്യ - യു.കെ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അടുത്ത വർഷം പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ അറിയിച്ചു. വിജയ് മല്യ, നീരവ് മോദി എന്നിവരെ കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടു. ബെൽഫാസ്റ്റിലും മാഞ്ചസ്റ്ററിലും പുതിയ കോൺസുലേറ്റുകൾ ഇന്ത്യ തുറക്കും.
ബഹിരാകാശം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലെ ബന്ധം ശക്തമാക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ധാരണ
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായുള്ള ചർച്ചയിൽ സഹകരണം ആഴത്തിലാക്കാനുള്ള 'ഇന്ത്യ - ഇറ്റലി ജോയിന്റ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ 2025-29 " അവതരിപ്പിച്ചു
പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോർ, ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ എന്നുവരുമായും ഉഭയകക്ഷി ചർച്ച
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ - സിസി, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗ്, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീത ഗോപിനാഥ്, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് തുടങ്ങിയവരുമായി ഹ്രസ്വ സംഭാഷണങ്ങൾ
# ജി 20 - സംയുക്ത പ്രസ്താവന
1. ഇന്നലെ രാത്രി നടന്ന സമാപന യോഗത്തിൽ ജി 20യുടെ പുതിയ അദ്ധ്യക്ഷ പദവി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയ്ക്ക് ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ കൈമാറി
2. യുക്രെയിനിൽ സംഘർഷം അവസാനിപ്പിക്കാൻ സംയുക്ത പ്രസ്താവനയിൽ ആഹ്വാനം. റഷ്യയുടെ പേരെടുത്ത് പരാമർശിച്ചില്ല
3. ഗാസയിലും ലെബനനിലും വെടിനിറുത്തൽ വേണം. ബന്ദികളെ മോചിപ്പിക്കണം. ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കണം
4. യു.എൻ രക്ഷാസമിതി വിപുലീകരിക്കണം
5. ബ്രസീൽ തുടക്കമിട്ട 'പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ ആഗോള സഖ്യത്തിന്" 82 രാജ്യങ്ങളുടെ പിന്തുണ