pic

കീവ്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ സംഘർഷം. യുക്രെയിനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്നേക്ക് 1,000 ദിനങ്ങൾ തികയുന്നു. മൂന്നാം ലോക മഹായുദ്ധത്തിന് നാം സാക്ഷിയാകേണ്ടി വരുമോ എന്നാണ് നിലവിൽ ഭീതി.

തങ്ങൾ നൽകിയ ദീർഘ ദൂര മിസൈലുകൾ റഷ്യയ്ക്കുള്ളിൽ പ്രയോഗിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയിന് അനുമതി നൽകിയതാണ് കാരണം. ബൈഡന്റെ തീരുമാനത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്. സംഘർഷം ആളിക്കത്തിക്കുന്നതാണ് യു.എസ് നീക്കമെന്ന് റഷ്യ പ്രതികരിച്ചു. റഷ്യക്കുള്ളിൽ യു.എസ് ആയുധം നാശംവിതച്ചാൽ ആണവായുധം കൊണ്ടായിരിക്കും മറുപടി.

ഇതിനായി, രാജ്യത്തിന്റെ പരിഷ്‌കാരിച്ച ആണവ നയത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്നലെ അംഗീകാരം നൽകി. ഏത് ബാഹ്യ ആക്രമണങ്ങളെയും ആണവായുധങ്ങളാൽ നേരിടാൻ പുതിയ നയം അനുവദിക്കുന്നു.

ഒരു ആണവ രാഷ്ട്രത്തിന്റെ പിന്തുണയോടെ ആണവ ഇതര രാഷ്ട്രം റഷ്യക്കെതിരെ നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കും. ഇന്നലെ റഷ്യൻ അതിർത്തി പ്രദേശമായ ബ്രയാൻസ്കിലേക്ക് ആറ് യു.എസ് നിർമ്മിത മിസൈലുകൾ യുക്രെയിൻ വിക്ഷേപിച്ചെങ്കിലും തകർത്തു.

# കാരണം നാറ്റോ വിരോധം

1. 2022 ഫെബ്രുവരി 24ന് ആക്രമണം തുടങ്ങി

2. നാറ്റോയുടെ ഭാഗമാകാനുള്ള യുക്രെയിന്റെ നീക്കവും പാശ്ചാത്യ അനുകൂല നിലപാടുകളും റഷ്യയെ പ്രകോപിപ്പിച്ചു

3. കിഴക്കൻ യുക്രെയിനിലെ (ഡോൺബാസ് ) ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള 'പ്രത്യേക സൈനിക നടപടി" എന്ന പേരിൽ റഷ്യ ആക്രമണം തുടങ്ങി. 2014 മുതൽ റഷ്യൻ വിമതരും യുക്രെയിൻ സൈന്യവും സംഘർഷം തുടരുന്നയിടമാണ് ഡോൺബാസ്

4. യുക്രെയിന്റെ 20 ശതമാനം റഷ്യ നിയന്ത്രണത്തിലാക്കി (സെപൊറീഷ്യ, ഖാർക്കീവ്, ഡൊണെസ്ക്, ലുഹാൻസ്ക് പ്രവിശ്യകൾ)

5. റഷ്യയിലെ കുർസ്ക് മേഖലയിൽ യുക്രെയിൻ കടന്നുകയറ്റം തുടങ്ങി

മരണത്തിന്റെ ദിനങ്ങൾ

(റഷ്യയോ യുക്രെയിനോ മരണം സംബന്ധിച്ച വ്യക്തമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല)

# യുക്രെയിനിലെ സിവിലിയൻ മരണം (യു.എൻ കണക്ക്)​

 കൊല്ലപ്പെട്ടവർ​ - 11,973

 പരിക്ക് -25,943

----------------------

# കൊല്ലപ്പെട്ട സൈനികർ

( യു.എസ് കണക്ക് )

യുക്രെയിൻ - 57,500

റഷ്യ - 1,15,000