network

5ജി സാങ്കേതിക വിദ്യയുടെ വരവോടെ രാജ്യത്തെ ടെലികോം സേവന ദാതാക്കളെല്ലാം വില വർദ്ധിപ്പിച്ചിരുന്നു. അന്ന് വിലവർദ്ധിപ്പിക്കാതിരുന്നത് ബിഎസ്‌എൻഎൽ മാത്രമാണ്. കമ്പനി രാജ്യമാകെ 4ജി സേവനം വ്യാപിപ്പിക്കാനുള്ള നടപടിയെടുത്തത് തന്നെ ഈയിടെയാണ്. ഇതിനെത്തുടർന്ന് സാമ്പത്തിക മെച്ചം മുന്നിൽകണ്ട് നിരവധി ഉപഭോക്താക്കൾ ബിഎസ്‌എൻ‌എല്ലിനെ ഒപ്പം കൂട്ടിയിരുന്നു. ഇതോടെ രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ എയർടെൽ, ജിയോ, വി എന്നിവയെല്ലാം പ്രതിസന്ധിയിലായി.

ബിഎസ്‌എൻഎല്ലിന്റെ ഈ ഭീഷണിയെ നേരിടാൻ തങ്ങളുടെ 4ജി നെറ്റ്‌വർക്ക് രാജ്യവ്യാപകമായി ശക്തിപ്പെടുത്തുകയാണ് വോഡഫോൺ ഐ‌ഡിയ, ഭാരതി എയർടെൽ എന്നീ കമ്പനികൾ. ഫ്രോഗ്‌ സെൽസാറ്റ് എന്ന കമ്പനി 4ജി ഉപകരണങ്ങൾ ഇരുകമ്പനികൾക്കും വിതരണം ചെയ്‌തു എന്നാണ് വിവരം.

4ജി വിപുലീകരണത്തിന് വി വളരെ വലിയ നിർദ്ദേശങ്ങളടങ്ങിയ അഭ്യർത്ഥന നൽകിയിരുന്നതായും എയർടെലിനും വിയ്‌ക്കും 4ജി ഉപകരണങ്ങൾ എല്ലാ സ‌ർക്കിളിലേയ്‌ക്കും വിതരണം ചെയ്‌തതായും ഫ്രോഗ് സെൽസാറ്റ് കമ്പനി എംഡിയും സിഇഒയുമായ കൊണാർക് ത്രിവേദി പറഞ്ഞു.

2023-24 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മുഖ്യവരുമാനം എയർടെലിൽ നിന്നായിരുന്നു എന്നാണ് സൂചന. ഏതാണ്ട് 70 ശതമാനം വരുമിത്. 2025-26ൽ ഇത് 55 ശതമാനത്തോളമാകും. ഈ സമയം മ റ്റ് കമ്പനികളും 4ജി സേവനം മെച്ചപ്പെടുത്താൻ സഹായം തേടുമെങ്കിലും എയർടെൽ തന്നെയാകും തങ്ങളുടെ ഏറ്റവും മികച്ച കസ്റ്റമർ എന്ന് കമ്പനി സിഇഒ അറിയിച്ചു.

വി ഇക്കഴിഞ്ഞ സെപ്‌തംബറിൽ എറിക്‌സൺ, നോക്കിയ, സാംസംഗ് എന്നീ കമ്പനികൾക്ക് 17 പ്രധാന സ‌ർക്കിളുകളിൽ 4ജി സേവനം വിപുലമാക്കാനും 5ജി സേവനം മികവോടെ ആരംഭിക്കാനും 3.6 ബില്യൺ ഡോളറിന്റെ മൂന്ന് വർഷത്തെ കരാർ നൽകിയിരുന്നു.