
കൊച്ചി: വഖഫ് നിയമഭേദഗതിക്ക് സർക്കാർ ശ്രമിക്കുകയും മുനമ്പം വഖഫ് ഭൂമി പ്രശ്നം കത്തിനിൽക്കുകയും ചെയ്യുമ്പോൾ രാജ്യത്തെ വിപുലമായ വഖഫ് സ്വത്തുക്കളുടെ കണക്ക് ശ്രദ്ധേയമാകുന്നു.
ഇന്ത്യയിലാകെ 9.4 ലക്ഷം ഏക്കർ ഭൂമിയാണ് വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലുള്ളത്. ഇതിന് 1.2 ലക്ഷം കോടി രൂപ മൂല്യം വരുമെന്ന് ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കുന്നു. പകുതി വസ്തുക്കളും മേൽനോട്ടക്കാർ ഇല്ലാത്ത നിലയിലാണ്.
സൈന്യവും റെയിൽവേയും കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ 'ഭൂ ഉടമ" വഖഫ് ബോർഡാണ്. 3.56 ലക്ഷം വഖഫ് എസ്റ്റേറ്റുകളിലായാണ് വസ്തുക്കൾ. വഖഫ് ഉടമസ്ഥതയിൽ 16,713 ജംഗമ വസ്തുക്കളുമുണ്ട്. ഇതുവരെ 3.30ലക്ഷം രേഖകൾ ഡിജിറ്റലൈസ് ചെയ്തു.
കേസുകളും നിരവധി
സങ്കീർണമായ വഖഫ് പ്രശ്നങ്ങളിൽ വഖഫ് ട്രൈബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന കേസുകൾ 40,951. ഇതിൽ 9,942 കേസുകൾ വഖഫ് ഭരണസമിതികൾക്കും മുത്തവല്ലികൾക്കുമെതിരേ (മേൽനോട്ടക്കാർ) മുസ്ലിം സമുദായക്കാർ തന്നെ നൽകിയതാണ്. കഴിഞ്ഞവർഷം മന്ത്രാലയത്തിനും ഗ്രീവൻസ് സിസ്റ്റത്തിനും ലഭിച്ചത് 714 പരാതികളാണ്. ഭൂമികൈയേറ്റം, അനധികൃത മറിച്ചുവില്പന, സർവേ കാലതാമസം തുടങ്ങിയവയാണ് പരാതികൾ. ഈ പശ്ചാത്തലത്തിൽ വഖഫ് ഭരണം സുഗമവും സുതാര്യവുമാക്കാനും വ്യവഹാരങ്ങൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഭേദഗതിബിൽ കൊണ്ടുവന്നത്. പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടിരിക്കുകയാണ്.
രാജ്യത്തെ വഖഫ് വസ്തുക്കൾ
ആകെ- 8,72,328
രേഖകളില്ലാത്തത്- 4,36,169
പോക്കുവരവ് ചെയ്യാത്തത്- 3,39,509
കൈയേറിയത് - 58,898
തർക്കഭൂമികൾ - 13,202
അന്യാധീനപ്പെട്ടത് -994
മറ്റുള്ളത്- 23,556
കേരളത്തിൽ
വഖഫ് വസ്തുക്കൾ - 50000+
ഭൂസ്വത്തുക്കൾ - 11000+
മുനമ്പത്തെ തർക്കഭൂമി - 404 ഏക്കർ