airport

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ അഞ്ച് യാത്രക്കാരെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. ഇതിൽ ഒരു യാത്രക്കാരന് തന്റെ വിദേശ യാത്രതന്നെ റദ്ദാക്കേണ്ടിവന്നു. കഴിഞ്ഞ ദിവസം വിദേശത്തേക്ക് പോകാനായെത്തിയ പുനലൂർ സ്വദേശിക്കും തെരുവുനായ ആക്രമണത്തിൽ ഇടതുകാലിന് പരിക്കേറ്റു.

വിസാ കാലാവധി തീരുമെന്ന കാരണത്താൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സ തേടിയ ശേഷമാണ് ഇയാൾ വിദേശത്തേക്ക് പോയത്. യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവരും ഇത്തരത്തിൽ ആക്രമണത്തിന് ഇരകളാകുന്നുണ്ട്. യാത്രക്കാർ കൊണ്ടുവരുന്ന ലഗേജുകളും ഇവ കടിച്ച് വലിക്കും.

വിദേശത്ത് നിന്നും എത്തുന്ന പിതാവിനെ സ്വീകരിക്കാൻ അമ്മയ്‌ക്കൊപ്പം വന്ന കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച തെരുവുനായയെ സമീപത്തെ ടാക്സി ഡ്രൈവർമാരാണ് തുരത്തിയോടിച്ചത്. പരാതി ഉയർന്നതോടെ നഗരസഭ അധികൃതർ നായ്ക്കളെ പിടികൂടിയെങ്കിലും നിലവിൽ നായ്ക്കളുടെ എണ്ണം കൂടുകയാണ്.