
റിയാദ്: സൗദി അറേബ്യയിൽ ഇക്കൊല്ലം വധശിക്ഷയ്ക്ക് വിധേയമാക്കിയത് 101 വിദേശികളെ. ആദ്യമായാണ് രാജ്യത്ത് ഇത്രയും കൂടുതൽ വിദേശികളുടെ വധശിക്ഷ നടപ്പാക്കുന്നത്. മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണ് ഏറെയും.
ശനിയാഴ്ച തെക്കുപടിഞ്ഞാറൻ മേഖലയായ നജ്‌റനിൽ ആയിരുന്നു ഏറ്റവും ഒടുവിൽ വധശിക്ഷ. 2022, 2023 വർഷങ്ങളിൽ 34 വിദേശികൾ വീതമാണ് സൗദിയിൽ വധശിക്ഷയ്ക്ക് വിധേയമായത്. ഇക്കൊല്ലം ആകെ 274 വധശിക്ഷകൾ സൗദിയിൽ നടന്നെന്നാണ് ലഭ്യമായ കണക്കുകൾ.
ചൈനയ്ക്കും ഇറാനും ഈജിപ്റ്റിനും ശേഷം ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രാജ്യമായാണ് സൗദി അറിയപ്പെടുന്നത്. സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവർ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നതായും ആരോപണമുണ്ട്. സൗദിയിലെ വധശിക്ഷകൾക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തുണ്ട്.
# വധശിക്ഷയ്ക്ക് വിധേയമായ വിദേശികൾ
പാകിസ്ഥാൻ - 21
യെമൻ - 20
സിറിയ -14
നൈജീരിയ - 10
ഈജിപ്റ്റ് - 9
ജോർദ്ദാൻ-8
എത്യോപിയ - 7
സുഡാൻ - 3
ഇന്ത്യ - 3
അഫ്ഗാനിസ്ഥാൻ - 3
ശ്രീലങ്ക - 1
എറിത്രിയ - 1
ഫിലിപ്പീൻസ് - 1