
പാലക്കാട്: എൽഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നെന്ന് ഷാഫി പറമ്പിൽ എംപി. പത്രപരസ്യമടക്കമുള്ള എല്ലാ കാര്യങ്ങളും എൽഡിഎഫിന് തിരിച്ചടിയായെന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു. പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാടിന്റെ മണ്ണും മനസും യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഷാഫി വ്യക്തമാക്കി. 'തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചൊരു ആശങ്ക ഞങ്ങൾക്കില്ല. ജനങ്ങൾ നൽകുന്ന കോൺഫിഡൻസുകൊണ്ടാണത്.'- ഷാഫി വ്യക്തമാക്കി.
ശുഭപ്രതീക്ഷയിലാണ് മൂന്ന് സ്ഥാനാർത്ഥികളും. മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ഇന്ന് പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും വിജയ പ്രതീക്ഷ പങ്കുവച്ചു. വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പാലക്കാട്ടെ ജനങ്ങളുടെ മനസ് തനിക്കൊപ്പമാണെന്ന് സരിനും പ്രതികരിച്ചു.
രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,94,706 വോട്ടർമാരാണ് പാലക്കാടുള്ളത്. ഇതിൽ 1,00,290 പേരും സ്ത്രീകളാണ്. 184 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയുടെ നേതൃത്വത്തിലടക്കം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾക്കൊപ്പം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാറ്റിയത്. മൂന്നിടത്തേയും വോട്ടെണ്ണൽ 23ന്.