employees

ന്യൂഡൽഹി: തലസ്ഥനത്ത് 50 ശതമാനം തൊഴിലാളികൾ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിർദ്ദേശം നൽകി ഡൽഹി സർക്കാർ. രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്നാണ് പുതിയ നീക്കം. ഡൽഹിയിലെ വിവിധയിടങ്ങളിലെ വായുമലിനീകരണം എയർ ക്വാളി​റ്റി ഇൻഡെക്സ് (എ ക്യൂ ഐ) അനുസരിച്ച് ഉയർന്ന അളവിലാണ്. ഇതോടെയാണ് അധികൃതർ കർശനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഇളവ് നൽകിയിരിക്കുന്നത്. പുതിയ തീരുമാനത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സെക്രട്ടറിയേ​റ്റിൽ യോഗം വിളിച്ച് ചേർത്തതായി ഡൽഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് അറിയിച്ചു. അടുത്തിടെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിരുന്നു. ആവശ്യസേവനങ്ങൾ ഒഴികെ ഡൽഹി രജിസ്‌ട്രേഷനുകൾ ഉളള പഴയ മോഡൽ ഡീസൽ വാഹനങ്ങൾ,വലിയ ചരക്കുവാഹനങ്ങൾ തുടങ്ങിയവ റോഡുകളിൽ നിന്ന് പൂർണമായും നിരോധിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയെ മുൻനിർത്തി പത്ത് മുതൽ പന്ത്രണ്ടാം ക്ലാസിലുളളവർക്ക് താൽക്കാലികമായി അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം തടയുന്നതിനായി കഴിഞ്ഞ വർഷം ഡൽഹി സർക്കാർ കാൺപൂരിലെ ഐഐടിയുമായി സഹകരിച്ച് ക്ലൗഡ് സീഡിംഗ് നടത്താനുളള ശ്രമം നടത്തിയിരുന്നു. ഈ വർഷം നടപ്പിലാക്കാനുളള ശ്രമങ്ങൾ ഓഗസ്​റ്റിൽ ആരംഭിച്ചെങ്കിലും ഇതുസംബന്ധിച്ച യോഗം ഇതുവരെ നടന്നിട്ടില്ല.