
ലക്‌നൗ: വിവാഹ വേദിയിലേക്കെത്തുന്ന വരനെ വേറിട്ട രീതിയിൽ സ്വീകരിക്കുന്ന പതിവ് മിക്ക സ്ഥലങ്ങളിലുമുണ്ട്. ചിലയിടങ്ങളിൽ വരനെ കുതിരപ്പുറത്ത് ആനയിക്കുമ്പോൾ മറ്റുചിലയിടങ്ങളിൽ വരൻ നടക്കുന്ന സ്ഥലങ്ങളിൽ പൂമെത്ത ഒരുക്കാറുണ്ട്. ഇപ്പോഴിതാ ഉത്തർപ്രദേശിൽ നിന്നുളള ഒരു കല്ല്യാണ വീഡിയോയാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് നഗറിൽ നടന്ന ഒരു വിവാഹത്തിന് വരനെ സ്വീകരിക്കാൻ അതിഥികളും ബന്ധുക്കളും ചിലവാക്കിയത് 20 ലക്ഷം രൂപയാണ്.
100ന്റെയും 200ന്റെയും 500ന്റെയും നോട്ടുകൾ വരൻ വരുന്ന ഭാഗത്തേക്ക് വാരിയെറിഞ്ഞാണ് സ്വകരിച്ചിരിക്കുന്നത്. അഫ്സൽ എന്ന യുവാവിന്റെയും അർമൻ എന്ന യുവതിയുടെയും വിവാഹമാണെന്നാണ് റിപ്പോർട്ടുകൾ. വരനെത്തുന്ന വഴിയിലുണ്ടായിരുന്ന ജെസിബിയിലും കെട്ടിടങ്ങളിലും അതിഥികളും ബന്ധുക്കളും കയറി നിന്ന് പണം വാരിയെറിയുകയായിരുന്നു. വരന്റെ ഭാഗത്ത് നിന്നുളളവരാണ് ഇത് ചെയ്തതെന്നാണ് വിവരം.
താഴേയ്ക്ക് വീഴുന്ന പണം എത്തിപ്പിടിക്കാനും നിലത്ത് നിന്ന് എടുക്കാനും ശ്രമിക്കുന്ന ഗ്രാമവാസികളെയും വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതോടെ വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ തമാശ രൂപേണ ആദായനികുതി വകുപ്പിനെ വിവരമറിയിക്കാൻ പറയുന്നുണ്ട്. മറ്റുചിലരാകട്ടെ പാവപ്പെട്ടവർക്ക് പണം നൽകികൂടെ എന്ന് ചോദിക്കുന്നുണ്ട്. ചിലവാക്കിയ പണം ഉപയോഗിച്ച് നാല് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താമായിരുന്നുവെന്നും മറ്റുചിലർ പ്രതികരിച്ചിട്ടുണ്ട്.