
തമിഴ് കലർന്ന മലയാളത്തിലാണ് സംഗീതയുടെ സംസാരം. ചെന്നൈയിൽ വളർന്ന സംഗീത മലയാളിയാണെന്ന് ഇപ്പോഴും അധികം പേർക്കും അറിയില്ല. എന്നും എപ്പോഴും സംഗീതയെ 'ശ്യാമള"യായി മലയാളി കാണുന്നു.സിനിമയിലെ യാത്ര 35 വർഷം പിന്നിടുമ്പോൾ മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് സംഗീത. ആനന്ദ് ശ്രീബാല, പരാക്രമം എന്നീ സിനിമകളുമായി സംഗീത തിയേറ്ററിൽ. സിനിമയിലെ രണ്ടാം വരവും ഗംഭീരമാക്കുമ്പോൾ സംഗീത സംസാരിക്കുന്നു.
ആനന്ദ് ശ്രീബാലയിലെയും പരാക്രമത്തിലെയും കഥാപാത്രത്തിൽ അനുഭവപ്പെടുന്ന പ്രത്യേകത ?
ആദ്യമായാണ് പൊലീസ് കഥാപാത്രം അവതരിപ്പിക്കുന്നത്. പൊലീസ് റൈറ്രറാണ് ശ്രീബാല. അമ്മയുടെ പേര് സർനെയിമായി വയ്ക്കുന്ന മകൻ. അത് എന്നെ ആകർഷിച്ചു. വളരെ ആഴമുള്ള ശക്തമായ കഥാപാത്രം.
ശ്രീബാല എന്ന കഥാപാത്രത്തെ ഏറെ ആസ്വദിച്ച് അവതരിപ്പിക്കാൻ സാധിച്ചു. പരാക്രമത്തിൽ വിശാഖന്റെ അമ്മ സാവിത്രിയാണ് ഞാൻ. സ്വതന്ത്രചിന്താഗതിയാണ് സാവിത്രിക്ക്.അമ്മയുടെയും മകന്റെയും പരാക്രമം സിനിമയിൽ കാണാം.
ഈ വരവിൽ നടി എന്ന നിലയിൽ എന്താണ് സിനിമ ?
എനിക്ക് കൂടുതൽ പക്വത കൈവന്നു. അഭിനയിക്കാൻ ഇഷ്ടം പോലെ സമയമുണ്ട്. മകൾ വളർന്നു.അതിനാൽ വീട്ടിലെ കാര്യം ഒാർത്ത് ആകുലതയില്ല.മുൻപ് അതായിരുന്നില്ല സ്ഥിതി. ഇപ്പോൾ ആസ്വദിച്ചാണ് സിനിമ ചെയ്യുന്നത്.വിവാഹ ശേഷം നഗരവാരിധി നടുവിൽ ഞാൻ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വന്നത്. എന്നാൽ അത് എന്റെ തിരിച്ചു വരവായിരുന്നില്ല. ശ്രീനി സാർ വിളിച്ചതു കൊണ്ട് അഭിനയിച്ചു. അതിനുശേഷം തിരിച്ചു പോയി. ചാവേർ സിനിമയിലൂടെയാണ് മടങ്ങി വരവ്.എന്റെ അമ്മ കഥാപാത്രങ്ങൾ അവിടെ നിന്ന് വീണ്ടും ആരംഭിച്ചു.
സാങ്കേതികപരമായി സിനിമ വളർന്നു എന്നതാണ് സിനിമയിൽ കാണുന്ന പ്രത്യേകത. ഇപ്പോഴത്തെ ചെറുപ്പക്കാർ വളരെ അറിവുള്ളവരാണ്. വിഷ്ണു വിനയ് യും അർജുൻ രമേശും പുതിയ സംവിധായകരായി തോന്നിയില്ല. പുതിയ കുട്ടികളുടെ കൂടെ വർക്ക് ചെയ്യുമ്പോൾ വളരെ ഈസിയായാണ് തോന്നുന്നത്. മുൻപ് എന്നോടൊപ്പം അഭിനയിച്ചവരെല്ലാം സീനിയേഴ്സാണ്. പുതിയ കുട്ടികൾ എന്നെ ട്രീറ്റ് ചെയ്യുന്നത് വ്യത്യസ്തമാണ്. അവർ എന്നെ കംഫർട്ടാക്കുന്നു. എനിക്ക് എന്നെ പുതിയ ആളായി തോന്നുന്നു. അവരിൽ നിന്ന് പഠിക്കാൻ പലതുമുണ്ട്. സ്വന്തം മേഖലയിൽ പ്രാവീണ്യം നേടിയവരാണ് എല്ലാവരും. അതെല്ലാം നേരിട്ട് പഠിക്കാൻ സാധിച്ചു.
ശ്യാമളയായി പ്രേക്ഷകർ ഇപ്പോഴും കാണാൻ എന്തായിരിക്കും കാരണം ?
എല്ലാ കാലത്തും സംസാരിക്കുന്ന സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള. അത് ഏതുകാലത്തും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന സിനിമയാണ് . ശ്യാമള എന്ന കഥാപാത്രത്തെ ആര് അവതരിപ്പിച്ചാലും നന്നാകുമായിരുന്നു. ശ്രീനിവാസൻ എന്ന പ്രതിഭാധനനായ നടന്റെയും സംവിധായകന്റെയും സിനിമ. മികച്ച തിരക്കഥയിൽ പിറന്ന സിനിമ. ആ കഥാപാത്രം എനിക്ക് തന്നെ ലഭിച്ചത് ഭാഗ്യമായി കരുതുന്നു. ശ്യാമള എന്ന കഥാപാത്രം തരുന്ന പ്രശസ്തി അന്നു മുതൽ ഇന്നുവരെ എവിടെ പോയാലും ലഭിക്കുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അംഗീകാരം നേടി തന്നതു കൊണ്ടു മാത്രമല്ല എനിക്ക് പ്രത്യേകത. എന്റെ ജീവിതത്തിന്റെ ഭാഗമായ സിനിമ. 19 വയസിൽ ആണ് രണ്ടു കുട്ടികളുടെ അമ്മയായി അഭിനയിച്ചത് . ഇപ്പോൾ നാൽപ്പതുകളിൽ എത്തി.
ആദ്യമായി സത്യൻ അന്തിക്കാട് സിനിമയുടെ ഭാഗമാകുന്നു?
ശ്യാമളയുടെയും നഗരവാരിധിയുടെയും ലൊക്കേഷനിൽ സത്യൻ സാറിനെ കണ്ടിട്ടുണ്ട്. സത്യൻ സാറിന്റെ സിനിമകൾ ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചു. ഇപ്പോൾ വിളിച്ചപ്പോൾ ഒരുപാട് സന്തോഷം.മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ പോകുന്നു. 32 വർഷം മുൻപ് നാടോടി സിനിമയിലാണ് ലാൽ സാറിനൊപ്പം അഭിനയിച്ചത്. മലയാളത്തിൽ എന്റെ ആദ്യ സിനിമയാണ് നാടോടി. അന്ന് ഒൻപതാം ക്ളാസിൽ പഠിക്കുന്നു. ബോൾഡ് പോസിറ്റീവ് വേഷമാണ് ഹൃദയപൂർവത്തിൽ അവതരിപ്പിക്കുന്നത്.
ക്യാമറയ്ക്ക് മുൻപിൽ കുടുംബത്തെ ഇതുവരെ കണ്ടിട്ടില്ല ?
അങ്ങനെ വേണമെന്ന് ഇതുവരെ തോന്നിയില്ല. സോഷ്യൽ മീഡിയയിൽ വന്നിട്ടേയില്ല. കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമെന്ന് തോന്നിയിട്ടുമില്ല. ഭർത്താവ് എസ്. ശരവൺ . ഛായാഗ്രാഹകനും സംവിധായകനുമാണ്. ഞാനും വിജയ് യും അഭിനയിച്ച പൂവെ ഉനക്കാഗ സിനിമയുടെ ഛായാഗ്രാഹകനായിരുന്നു . ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് ജോലി ചെയ്ത ഏക സിനിമ. ആ പരിചയം പ്രണയമായി , പിന്നീട് വിവാഹം കഴിച്ചു. ദ ടൈഗർ, അലിബായി, സ്മാർട്ട് സിറ്റി തുടങ്ങിയ മലയാള ചിത്രങ്ങളുടെയും ഛായാഗ്രഹണം നിർവഹിച്ചു. ശരവണൻ തരുന്ന പിന്തുണ വലുതാണ്. മകൾ സായ് തേജസ്വതി എയർ ഇന്ത്യയിൽ ട്രെയിനി പൈലറ്റ്.