
ന്യൂഡൽഹി: അയൽരാജ്യമായ പാകിസ്ഥാന്റെ പ്രവർത്തനങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്. പാകിസ്ഥാന്റെ നീക്കങ്ങൾ പലപ്പോഴും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കാറുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ ബംഗ്ളാദേശുമായി പാകിസ്ഥാൻ വ്യാപാര, സമുദ്ര ബന്ധം ശക്തിപ്പെടുത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
രാജ്യം വിട്ട് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അഭയം നൽകിയിരിക്കുന്നതിനാൽ ഇന്ത്യയുമായുള്ള ബംഗ്ളാദേശിന്റെ ബന്ധം എപ്പോൾ വേണമെങ്കിലും ഉലഞ്ഞേക്കാം. ഹസീനയെ കൈമാറമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ളാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പാക് കറാച്ചിയിൽ നിന്നുള്ള ഒരു കാർഗോ കപ്പൽ ബംഗ്ളാദേശിലെ ചിറ്റാഗോംഗ് തുറമുഖത്ത് നങ്കൂരമിട്ടതായി കണ്ടതാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം. 1971ലെ വിമോചന യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലെ ആദ്യ നേരിട്ടുള്ള സമുദ്ര വ്യാപാര ബന്ധമാണിത്. കഴിഞ്ഞ സെപ്‌തംബറിൽ നടന്ന യുഎൻ ജനറൽ അസംബ്ളിയിൽ പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫുമായുള്ള കൂടിക്കാഴ്‌ചയിൽ യൂനുസ് പറഞ്ഞിരുന്നു.
പാകിസ്ഥാന്റെ എംവി യുവാൻ ഷാംഗ്ഫാ സോംഗ് കപ്പൽ നവംബർ 13നാണ് ബംഗ്ളാദേശിലെത്തിയത്. ചരക്കുകൾ ഇറക്കിയതിനുശേഷം ഉടൻതന്നെ മടങ്ങുകയും ചെയ്തു. 182 മീറ്റർ ദൂരമുള്ള കപ്പലിൽ പാകിസ്ഥാനിൽ നിന്നും യുഎഇയിൽ നിന്നുമുള്ള ആഹാരവും വസ്ത്രങ്ങളുമടങ്ങുന്ന ചരക്കുകളാണ് ഉണ്ടായിരുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ചരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഏടുത്ത് മാറ്റിയതിനുശേഷമാണ് പാക് കപ്പൽ ബംഗ്ളാദേശിലെത്തിയത്.
മേഖലയിലുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിൽ നേരിട്ടുള്ള ഷിപ്പിംഗ് പാത വലിയ ചുവടുവയ്പ്പാണെന്നാണ് ബംഗ്ളാദേശിലെ പാക് ഹൈക്കമ്മിഷണർ സയ്യേദ് അഹ്മദ് മറൂഫ് ചൂണ്ടിക്കാട്ടിയത്. പുതിയ സംരംഭം നിലവിലെ വ്യാപാര ഇടപാടുകൾക്ക് ആക്കം കൂട്ടും. ചെറിയ വ്യാപാരങ്ങൾ മുതൽ വലിയ കയറ്റുമതിക്കുള്ള പുതിയ അവസരങ്ങൾ തുറക്കുമെന്നും മറൂഫ് വ്യക്തമാക്കി.
ഷെയ്‌ഖ് ഹസീനയുടെ ഭരണകാലത്ത് ബംഗ്ളാദേശ് ഇന്ത്യയോട് അടുക്കുകയും പാകിസ്ഥാനോട് അകലം പാലിക്കുകയും ചെയ്തിരുന്നു. 2022ൽ ചൈനീസ് കപ്പൽ ചിറ്റാഗോംഗ് തുറമുഖത്ത് നങ്കൂരമിടുന്നതിന് ബംഗ്ളാദേശ് അനുമതി നിഷേധിച്ചിരുന്നു. ചിറ്റാഗോംഗും മോംഗ്ളയുമാണ് ബംഗ്ളാദേശിലെ പ്രധാന തുറമുഖങ്ങൾ. അഞ്ച് പതിറ്റാണ്ടുകളായി ഈ രണ്ട് തുറമുഖങ്ങളും പാകിസ്ഥാന് അപ്രാപ്യമായിരുന്നു. സിംഗപ്പൂർ, കൊളംബോ എന്നിവിടങ്ങളിലെ തുറമുഖങ്ങളിലൂടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ചരക്ക് നീക്കം നടന്നിരുന്നത്.
പുതിയ ബന്ധം പാകിസ്ഥാനിൽ നിന്ന് ബംഗ്ളാദേശിലേയ്ക്ക് കള്ളക്കടത്ത് സാമഗ്രികൾ കയറ്റി അയയ്ക്കാൻ ഇടയാക്കുമെന്നും ഇത് ഇന്ത്യൻ വിമത ഗ്രൂപ്പുകളിൽ എത്തിച്ചേരാൻ സാദ്ധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള പുതിയ ആയുധകരാറിലും ബംഗ്ളാദേശ് ഏർപ്പെട്ടിരിക്കുകയാണ്. 40,000 വെടിയുണ്ടകൾ, 40 ടൺ ആർഡിഎക്‌സ്, പ്രൊജക്‌ടൈലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ആദ്യമായല്ല, ആയുധകരാറിൽ ഇരുരാജ്യങ്ങളും ഏർപ്പെടുന്നതെങ്കിലും സാധാരണ അളവിലേക്കാൾ കൂടുതലാണ് ഇത്തവണ ഇറക്കുമതി ചെയ്യുന്നതെന്ന് ന്യൂഡൽഹി ചൂണ്ടിക്കാട്ടുന്നു. 2023ൽ 12,000 വെടിയുണ്ടകൾക്കാണ് ബംഗ്ളാദേശ് ഓർഡർ നൽകിയത്.
കഴിഞ്ഞവർഷം തന്ത്രപ്രധാനമായ വിജയത്തിലൂടെ ബംഗ്ളാദേശിലെ മോംഗ്ള തുറമുഖത്ത് ഇന്ത്യ പ്രവർത്തനാവകാശം നേടിയെടുത്തിരുന്നു. എന്നാലിപ്പോൾ ചിറ്റാഗോംഗ് തുറമുഖത്ത് പാകിസ്ഥാൻ പ്രവേശനം നേടിയതിനാൽ, ഇത് പ്രദേശത്തിന്റെ ഭൗമരാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ഹസീന അധികാരത്തിൽ നിന്ന് പുറത്തായത് ഇന്ത്യയുടെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. “യുദ്ധോപകരണങ്ങൾ ഇന്ന് രാജ്യത്ത് സൗജന്യമായി ലഭ്യമാണ്. അതിനാൽ തന്നെ ധാക്കയും ഇസ്ലാമാബാദും തമ്മിലുള്ള വ്യാപാര വികസനം ആശങ്കയുയർത്തുന്നുവെന്നാണ് നാടുകടത്തപ്പെട്ട ബംഗ്ലാദേശി ബ്ലോഗർ അസദ് നൂർ പറയുന്നത്.