
ഒരു കുട്ടിയുടെ വളർച്ചയിൽ മാതാപിതാക്കൾ ചെലുത്തുന്ന സ്വാധീനം ചില്ലറയല്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. കുട്ടികളെ സന്തുഷ്ടരും സ്വയം പര്യാപ്തരായ വ്യക്തികളുമായി വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. ചിലർ അവർക്ക് പിന്തുണ നൽകിക്കൊണ്ടാണ് നേർവഴിയിലേക്ക് നയിക്കുന്നത്. എന്നാൽ മറ്റുചിലരാകട്ടെ ചെറിയ തെറ്റുകൾക്ക് പോലും വലിയ ശിക്ഷകൾ നൽകി, പേടിപ്പിച്ചുകൊണ്ടാണ് മക്കളെ വളർത്തുന്നത്.
മാതാപിതാക്കൾ സുഹൃത്തുക്കളേപ്പോലെ പെരുമാറുന്നതാണ് ഏറ്റവും നല്ലതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മാതാപിതാക്കൾ മേലധികാരികളെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ എന്താണ് സംഭവിക്കുന്നത്? ഈ സമീപനം നിങ്ങളുടെ കുട്ടിയുടെ വൈകാരികവും മാനസികവുമായി അവരെ തകർക്കുകയും അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് ആത്മീയ നേതാവ് സദ്ഗുരു പറയുന്നത്. ദേശീയ മാദ്ധ്യമത്തിലാണ് ഇതുസംബന്ധിച്ച ലേഖനം വന്നത്. കുട്ടികളെ തളർത്തുന്ന പല രീതിയിലുള്ള പ്രവൃത്തികൾ മാതാപിതാക്കളിൽ നിന്നുണ്ടാകാറുണ്ട്.
കുട്ടികൾക്ക് സുഹൃത്തുക്കളെയാണ് വേണ്ടത്, ബോസിനെയല്ല
തങ്ങളെ മനസിലാക്കുകയും സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് തോന്നുമ്പോഴാണ് കുട്ടികൾ വളരുന്നതെന്ന് സദ്ഗുരു വിശ്വസിക്കുന്നു. സ്വേച്ഛാധിപതിയെപ്പോലെ പ്രവർത്തിക്കുന്നത്, കുട്ടികളിൽ അടുപ്പത്തേക്കാൾ അകലം സൃഷ്ടിച്ചേക്കാം. ഇത് പലപ്പോഴും കുട്ടികൾ മറ്റുള്ളവരിൽ നിന്ന് വൈകാരിക പിന്തുണ തേടുന്നതിന് കാരണമാകുന്നു.
മാതാപിതാക്കൾക്ക് സാക്ഷാത്‌കരിക്കാൻ സാധിക്കാത്ത കാര്യങ്ങൾ ചെയ്യാനുള്ള സമ്മർദം
തങ്ങൾക്ക് ചെയ്യാൻ കഴിയാത്ത ഒന്ന് കുട്ടിയെക്കൊണ്ട് ചെയ്യിക്കാൻ ശ്രമിക്കുന്നത് മാതാപിതാക്കൾ ചെയ്യുന്ന ഏറ്റവും മോശമായ തെറ്റുകളിൽ ഒന്നാണെന്നാണ് സദ്ഗുരു കരുതുന്നത്. ഇത് അക്കാദമിക് വിജയം നേടുന്നതിനോ ഇഷ്ടമുള്ള ജോലി പിന്തുടരുന്നതിനോ യുവാക്കളെ അനാവശ്യ സമ്മർദ്ദത്തിലാക്കും. കുട്ടികളുടെ ജീവിതത്തെ വിജയത്തിനായുള്ള ഓട്ടമത്സരമാക്കി മാറ്റുന്നതിനെതിരെ സദ്ഗുരു മുന്നറിയിപ്പ് നൽകുന്നു. കാരണം അത് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കുമെല്ലാം ഇടയാക്കും.
മാറ്റമുണ്ടായി
രക്ഷാകർതൃത്വം 20 വർഷം മുമ്പുണ്ടായിരുന്നതിൽ നിന്ന് ഇന്ന് വളരെ വ്യത്യസ്തമാണ്. മുമ്പ് മാതാപിതാക്കൾ കുട്ടികളുടെ മേൽ വളരെയധികം അധികാരം കാണിക്കുമായിരുന്നു. എന്നാൽ ആ ബന്ധത്തിൽ മാറ്റം വന്നു. ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയൊക്കെ ഇതിനുകാരണമായി. ഒരു അച്ചടക്കക്കാരനായി വളർത്തിയെടുക്കുന്നതിനുപകരം ആശയവിനിമയവും ആത്മവിശ്വാസവും സ്ഥാപിക്കുന്നതിന് മാതാപിതാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.
സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുക
മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം സമാധാനപൂർണമായ വീട്ടുപരിസരമാണെന്ന് സദ്ഗുരു നിർദ്ദേശിക്കുന്നു. നിരാശയോ ദേഷ്യമോ ഉപയോഗിച്ച് നിയമങ്ങൾ നടപ്പിലാക്കുന്നതിനുപകരം, സന്തോഷം, സ്‌നേഹം, മനസിലാക്കൽ എന്നിവ മാനദണ്ഡങ്ങളാകുന്ന ഒരു ഇടം സൃഷ്ടിക്കുക. വീട്ടിൽ സ്ഥിരമായ വഴക്കുകൾക്കും അസൂയയ്ക്കും ഭയത്തിനും കുട്ടികൾ ഒരിക്കലും സാക്ഷ്യം വഹിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം മാതാപിതാക്കളെ ഉപദേശിക്കുന്നു.