book

അനുഭവങ്ങൾ ഒന്നുംതന്നെ എഴുത്തിന് അന്യമാകുന്നില്ല. മനുഷ്യാനുഭവങ്ങളുടെ ഏതറ്റം വരെയും എഴുത്തുകാർക്ക് പോകാനാവും. സാധാരണവും അസാധാരണവുമായ ഏതുതരം അനുഭവങ്ങളും എഴുത്തു പേനയ്ക്ക് വശമാകുന്നതും അതുകൊണ്ടാണ്. എൽ. ഗോപീകൃഷ്ണന്റെ 'ഹൃദയപക്ഷം" എന്ന നോവൽ വാസ്തവത്തിൽ ഡോ. മീനാംബിക എന്ന അദ്ധ്യാപികയുടെ മനുഷ്യപക്ഷം കൂടിയാണ്. ഒരു സാധാരണ ഇംഗ്ലീഷ് അദ്ധ്യാപികയുടെ ജീവിതത്തിലൂടെ അവർ തന്നെ സഞ്ചരിക്കുന്ന കഥയാണ് 'ഹൃദയപക്ഷം." അതിസാധാരണമായ ജീവിതം നയിക്കുമ്പോഴും മനുഷ്യരുടെ ആന്തര ലോകം തികച്ചും വ്യത്യസ്തമാണെന്ന് നോവലിലെ കഥാപാത്രങ്ങൾ നമ്മോടു പറയുന്നു.

മീനാംബികയുടെ ഓർമ്മയിലൂടെ ആഖ്യാനം ചെയ്യപ്പെടുന്ന നോവലിൽ ഒരു സാധാരണ ഗ്രാമീണ കുടുംബത്തിന്റെ ചിത്രം ആദ്യമേ തെളിയുന്നു. പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റർ ആയ അച്ഛൻ, വീട്ടമ്മയായ അമ്മ, പഠിത്തത്തിൽ തന്നേക്കാൾ പിന്നാക്കമായ ചേച്ചി... സഹോദരങ്ങൾ തമ്മിലുള്ള മത്സരം നോവലിന്റെ ഇതിവൃത്തത്തെ മുന്നോട്ടു നയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വിദ്യാസമ്പന്നയായ ശരാശരി മലയാളി പെൺകുട്ടിയുടെ ജീവിതാനുഭവത്തിന്റെ നേർക്കാഴ്ചയായി എൽ. ഗോപീകൃഷ്ണന്റെ ഈ നോവലിനെ വിലയിരുത്താം.

നമ്മുടെ വീടകങ്ങളിൽ, കുടുംബബന്ധങ്ങളിലൊക്കെ നിലനിൽക്കുന്ന സ്വാർത്ഥതയുടെ, ആണധികാരത്തിന്റെ സൂക്ഷ്മതലങ്ങൾ നോവൽ പങ്കുവയ്ക്കുന്നു. നന്നായി പഠിച്ച് നല്ല ജോലി നേടിയ ഒരു പെൺകുട്ടിക്കു പോലും സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ കഴിയാത്ത, തന്റെ ജീവിതത്തിൽ കുട്ടിക്കു വേണ്ട അവസരങ്ങൾ ഒരുക്കിക്കൊ

ടുക്കാൻ കഴിയാത്ത ഒരു അമ്മയുടെ നിസഹായത, പിന്നീടുള്ള പൊരുതി മുന്നേറ്റം. ഔദ്യോഗിക മേഖലയിൽ അടക്കം ആണധികാരത്തിന്റെ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന സന്ദർഭങ്ങൾ. ഒരു കൂട്ട് അനിവാര്യമായ സന്ദർഭത്തിൽ അക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സ്ത്രീയുടെ ദുരവസ്ഥ... ഒരു സ്ത്രീയുടെ ജീവിതത്തിലെ നിരവധിയായ അരുതുകൾ നോവൽ വെളിപ്പെടുത്തുന്നുണ്ട്.

നോവൽ വായിച്ചു മടക്കുമ്പോൾ,​ താൻ ഇനി തിരഞ്ഞെടുക്കേണ്ട ജീവിതം മകനോടൊപ്പമോ,​ കേണലിനൊപ്പമോഎന്ന

ആന്തരസംഘർഷം അനുഭവിക്കുന്ന മീനാംബികയെ മറക്കാനാവില്ല. കഥാപാത്രങ്ങളുടെ ആന്തരജീവിതവും ആന്തരലോകവും വളരെ സൂക്ഷ്മമായി അനാവരണം ചെയ്യാനുള്ള നോവലിസ്റ്റിന്റെ പരിശ്രമം സഫലമാകുന്നത് അതിലളിതമായ, സുതാര്യമായ ഭാഷയുടെ പ്രയോഗത്തിലൂടെയാണ്. സമൂഹം ഏറെ ശ്രദ്ധയോടെ, കരുതലോടെ കാണേണ്ട വാർദ്ധക്യം എന്ന മനുഷ്യാവസ്ഥയെ ഈ നോവൽ പ്രശ്നവത്കരിക്കുന്നു. മനുഷ്യാവസ്ഥയെ മണ്ണിൽ ഇറങ്ങി നിന്ന് നോക്കിക്കാണുന്ന, കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ പറയുന്ന സാന്ദ്രമായ ഒരു വായനാനുഭവമായി 'ഹൃദയപക്ഷം" മാറുന്നു.

പ്രസാധകർ: പ്രഭാത് ബുക്ക് ഹൗസ്

വില: 420 രൂപ