antony-raju

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ആന്റണി രാജു എംഎൽഎ. 'നിയമം നിയമത്തിന്റെ വഴിക്ക് പോകും. എനിക്ക് ഒരു ഭയവുമില്ല. ഇതുപോലെയുള്ള പ്രതിസന്ധിക്കളാണ് എന്നെ കൂടുതൽ കരുത്തനാക്കിയത്. എന്റെ മുന്നോട്ടുള്ള പൊതുപ്രവർത്തനത്തിൽ ഇത് യാതൊരു കുറവുമുണ്ടാക്കില്ല.' അദ്ദേഹം പറഞ്ഞു.

'വിചാരണ നേരിടാൻ തയ്യാറാണ്. അതിലൊന്നും ഒരു പ്രശ്നവുമില്ല. വിധിപകർപ്പിന്റെ പൂർണവിവരം ലഭിച്ചിട്ടില്ല. അതിനുശേഷം വിശദമായി പ്രതികരിക്കും. ഞാൻ ഇവിടെത്തന്നെയുണ്ട്. അപ്പീലടക്കം കാര്യങ്ങളിൽ വിധിപ്പകർപ്പ് ലഭിച്ചശേഷം തുടർകാര്യങ്ങൾ തീരുമാനിക്കും.' ആന്റണി രാജു അറിയിച്ചു.

അതേസമയം സുപ്രീംകോടതിയുടേത് അബദ്ധ വിധിയാണെന്നും ആന്റണി രാജു തൊണ്ടിമുതൽ വാങ്ങിക്കൊണ്ടുപോകാൻ അപേക്ഷ നൽകിയെന്നത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ദീപക് പ്രകാശ് പറഞ്ഞു. അപേക്ഷ നൽകിയത് കേസിലെ പ്രതിയാണെന്നും സാക്ഷിമൊഴിയോ തെളിവോ ഒന്നും കേസിലില്ലെന്നും അദ്ദേഹം അറിയിച്ചു.

ആന്റണി രാജു നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് തള്ളുകയായിരുന്നു. വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. അടുത്ത മാസം 20ന് ആന്റണി രാജു ഹാജരാകണം. ജസ്റ്റിസ് സിടി രവികുമാർ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.