agriculture

ചിറ്റൂർ: രണ്ടാംവിള നെൽകൃഷിയുടെ നടീൽ ജോലികൾക്കായി ചിറ്റൂർ മേഖലയിൽ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ എത്തി. കൊൽക്കത്തയിൽ നിന്നുള്ള തൊഴിലാളികൾ കുടുംബ സമേതമാണ് എത്തിയിട്ടുള്ളത്. സമയം തെറ്റിയുള്ള കനാൽ നവീകരണം കാരണം കൃഷിപ്പണികൾക്ക് ഇത്തവണ വെള്ളം വൈകി. ഇതേ തുടർന്ന് എല്ലാ വയലുകളിലും ഉഴവു ജോലികളും ഞാറ് നടീലും മറ്റ് പ്രവർത്തികളും ഒരുമിച്ച് ചെയ്യേണ്ടി വന്നു. കൃഷിപ്പണികൾക്ക് വേണ്ടത്ര തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുണ്ടാക്കി.

പ്രദേശവാസികളായ തൊഴിലാളികൾ മറ്റു സ്ഥലങ്ങളിലെ നടീൽ ജോലികൾക്കും,നിർമ്മാണ മേഖലയിലേക്കുമാണ് പോകുന്നത്. അവശേഷിക്കുന്നവർ തൊഴിലുറപ്പ് ജോലികൾക്കും പോകും. സമയത്തിന് നടീൽ നടത്തിയില്ലെങ്കിൽ വിളവിനെ ബാധിക്കുമെന്നതിനാൽ കർഷകർ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുകയായിരുന്നു.

ഒരേക്കറിന് കൂലി 4500 രൂപ

ഒരേക്കർ പാടത്ത് ഞാറ് നടാൻ 4500 രൂപയാണ് അതിഥി തൊഴിലാളികൾക്ക് നൽകുന്നത്. രാവിലെ 6 മണിക്ക് ഇവർ പാടത്തെത്തും. വൈകുന്നേരം വരെ ജോലി ചെയ്യും. ഒരാൾക്ക് 1000 രൂപ വരെ കൂലി ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. കൊൽക്കത്ത ഉൾപ്പെടെ ബംഗാളിലെ വിവിധ ജില്ലകളിൽ നിന്ന് മുമ്പ് പുരുഷമാർ മാത്രമാണ് ചിറ്റൂരിലും മറ്റ് ജോലിക്ക് എത്തിയിരുന്നത്. ഇപ്പോൾ നെൽക്കൃഷി ആരംഭിക്കുമ്പോൾ ഇവ‌ർ ഭാര്യയും മക്കളും ഉൾപ്പെടെ കുടുംബസമേതം എത്തുന്നുണ്ട്. ഒരു സീസണിൽ 2-3 മാസം ഇവിടുത്തെ കൃഷി പണികളിൽ ഏർപ്പെടുകയും അതു കഴിഞ്ഞാൽ മറ്റു ജില്ലകളിലേക്ക് പോകുന്നതുമാണ് ഇവരുടെ രീതി.