
ചെന്നൈ: തമിഴ്നാട്ടിൽ ബിഎംഡബ്ല്യു കാറിടിച്ച് ബൈക്ക് യാത്രികനായ മാദ്ധ്യമപ്രവർത്തകൻ മരിച്ചു. പോണ്ടി ബസാർ സ്വദേശിയായ പ്രദീപ് കുമാറാണ് മരിച്ചത്. തെലുങ്കിലെ പ്രമുഖ വാർത്താചാനലിലെ ക്യാമറാമാനായിരുന്നു ഇയാൾ. മധുരവോയൽ-താംബരം എലിവേറ്റഡ് ബൈപ്പാസിൽ വച്ച് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ കാർ ബൈക്കിലിടിക്കുകയായിരുന്നു. അപകടം സംഭവിച്ചതോടെ ഡ്രൈവർ കാറുപേക്ഷിച്ച് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കാറ് കിടക്കുന്ന കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. അപകട സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് പ്രതീപിന്റെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. മരിച്ച യുവാവ് ബൈക്ക് ടാക്സി ഡ്രൈവർ കൂടിയാണെന്നാണ് വിവരം. സംഭവത്തിൽ കാർ ഡ്രൈവർക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.