sports

സ്പോർട്സ് കൗൺസിൽ അധികൃതർ ചർച്ച നടത്തിയതിനെത്തുടർന്ന് സമരം മാറ്റിവച്ചു

തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിച്ചാൽ തങ്ങളുടെ പട്ടിണി മാറുമോ എന്ന ചോദ്യവുമായി ജില്ലാ സ്പോർട്സ് കൗൺസിൽ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച കായിക താരങ്ങളെ അനുനയിപ്പിച്ച് സ്പോർട്സ് കൗൺസിൽ.

കഴിഞ്ഞ ജൂൺ മുതൽ കൗൺസിലിന് കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിലെ കായികതാരങ്ങൾക്ക് ഭക്ഷണത്തിനുള്ള തുക കുടിശികയാണ്. ദേശീയ മത്സരങ്ങൾക്ക് ടീമുകളെ അയച്ച വകയിൽ കായിക അസോസിയേഷനുകൾക്കും തുക നൽകിയിട്ടില്ല. വർഷാവർഷം നൽകേണ്ട സ്പോർട്സ് കിറ്റുംനൽകിയിരുന്നില്ല. ഇക്കാര്യങ്ങളൊക്കെ കേരള കൗമുദി സെപ്തംബറിൽ പ്രസിദ്ധീകരിച്ച പരമ്പരയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഈവർഷമാദ്യം വാങ്ങിവച്ചിരുന്ന കുറച്ചുകിറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ ഭക്ഷണക്കുടിശിക നൽകാത്തതിനാൽ ഹോസ്റ്റലുകളിൽ പേരിനുമാത്രമുള്ള ഭക്ഷണമാണ് വിതരണം ചെയ്തിരുന്നത്.

മെസിയെ കൊണ്ടുവരാൻ ശ്രമിക്കുന്ന മന്ത്രി തങ്ങളുടെ കാര്യങ്ങൾ നോക്കുന്നില്ലെന്ന പരാതിയുമായാണ് കായിക താരങ്ങൾ വെള്ളിയാഴ്ചമുതൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ സ്പോർട്സ് കൗൺസിൽ അധികൃതർ 15 ദിവസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകി സമരം മാറ്റിവയ്പ്പിക്കുകയായിരുന്നു.

ശമ്പളമില്ലാതെ താത്കാലിക ജീവനക്കാർ

സ്പോർട്സ് കൗൺസിലിലെ താത്കാലിക ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് മാസം മൂന്നായി. ഹോസ്റ്റലുകളിലെ കുക്കും വാച്ചറും വാർഡനുമൊക്കെ ശമ്പളം കിട്ടാത്തവരിൽ പെടുന്നു.പലരും ജോലി ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകാനൊരുങ്ങുകയാണ്. ഇത് ഹോസ്റ്റലുകളിലെ കുട്ടികളെയും ബാധിച്ചിട്ടുണ്ട്.