
ബ്യൂണസ് അയേഴ്സ് : ഇന്നലെ നടന്ന തെക്കേ അമേരിക്കൻ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഏകപക്ഷകയമായ ഒരു ഗോളിന് പെറുവിനെ തോൽപ്പിച്ച് അർജന്റീന. 55-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസ് നേടിയ ഗോളിനാണ് മെസിയും സംഘവും വിജയം കണ്ടത്. ഈ വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 25 പോയിന്റായ അർജന്റീന മേഖലാ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.
അതേസമയം മുൻ ലോകചാമ്പ്യന്മാരായ ബ്രസീൽ ഉറുഗ്വേയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. 55-ാം മിനിട്ടിൽ ഫെഡറിക്കോ വൽവെർദേയിലൂടെ ഉറുഗ്വേയാണ് ആദ്യം സ്കോർ ചെയ്തത്. 62-ാം മിനിട്ടിൽ ഗെസണിലൂടെയാണ് ബ്രസീൽ സമനില പിടിച്ചത്. 12 കളികളിൽ നിന്ന് 19 പോയിന്റുള്ള ഉറുഗ്വേ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 18 പോയിന്റുള്ള ബ്രസീൽ അഞ്ചാം സ്ഥാനത്തും.കൊളംബിയയെ 1-0ത്തിന് തോൽപ്പിച്ച് ഇക്വഡോർ 19 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയർന്നു. 19 പോയിന്റുതന്നെയുള്ള കൊളംബിയ നാലാമതാണ്.