family

ലക്‌നൗ: ദളിത് യുവതിയുടെ മൃതദേഹം ചാക്കിലാക്കിയ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കർഹാലിലെ കഞ്ചാര പുഴയുടെ പാലത്തിന് സമീപത്തായാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം നഗ്നമായ നിലയിലായിരുന്നു. യുവതിയുടെ മരണത്തിന് പിന്നിൽ ആൺസുഹൃത്തായ പ്രശാന്ത് യാദവാണെന്നാണ് കുടുംബം ആരോപിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

മരണപ്പെടുന്നതിന് മുൻപ് മകൾ പീഡനത്തിനിരയായിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്. കർഹാലിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ യുവതി ബിജെപിക്ക് വോട്ട് രേഖപ്പെടുത്താൻ ആഗ്രഹം പ്രകടപ്പിച്ചതായി കുടുംബം പറയുന്നു.ഇത് പ്രശാന്തിനെ പ്രകോപിപ്പിച്ചു. ബിജെപിക്ക് വോട്ട് ചെയ്താൽ പ്രത്യാഘാതം വളരെ വലുതാണെന്നും സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്യാനും പ്രശാന്ത് പറഞ്ഞിരുന്നു. നവംബർ 19നാണ് ഇയാൾ ഭീഷണിമുഴക്കിയത്.

സംഭവ ദിവസം രാത്രി രണ്ട് പേർ യുവതിയെ ബൈക്കിൽ കയ​റ്റിക്കൊണ്ട് പോയെന്ന് ചില നാട്ടുകാർ പറഞ്ഞു. പിന്നാലെയാണ് ഇന്ന് ചാക്കിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞതോടെ പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. മൃതദേഹം പോസ്​റ്റ്‌മോർട്ടത്തിനായി മാ​റ്റിയിട്ടുണ്ട്.

സംഭവത്തിൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അനുജേഷ് യാദവ് അനുശോചനം അറിയിച്ചു. ഇത് സമാജ്‌വാദി പാർട്ടിയുടെ കീഴിലുളള നിയമലംഘനത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും സമാജ്‌വാദി പാർട്ടിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് ചുവന്ന തൊപ്പി ധരിച്ച ഗുണ്ടകളുടെ ആക്രമണമെന്നാണ് അദ്ദേഹം പറഞ്ഞത്.