
ക്ലാസ്‌മുറി ഒരു രാജ്യമാണ്!
കലകളുടെയും കലാപങ്ങളുടെയും രാജ്യം.
പൗരത്വം തെളിയിക്കാനാവാതെ
പടിയിറങ്ങിപ്പോയ ഒരു ജനത
ഇപ്പോഴും ഇവിടെത്തന്നെയുണ്ട്.
വേറെങ്ങും പോകാനില്ലാതെ...
പ്രളയത്തിൽ തോണിയുമായി...
പ്രണയത്തിൽ ചങ്ങാടവുമായി...
പകരുന്ന ഇടങ്ങളിൽ
മേൽക്കുപ്പായങ്ങളുമായി
അവർ ഇവിടെത്തന്നെയുണ്ട്.
തിരക്കിൽ ഞാൻ മറന്നുവച്ച കവിത
അവർ ഇന്നലെ വീട്ടിലെത്തിച്ചു.
ഒഴുകിപ്പോയ കുഞ്ഞുങ്ങളുടെ
കളിപ്പാട്ടങ്ങൾ കരയ്‌ക്കെത്തിച്ചതും
അവരായിരുന്നു.
അണുക്കളുടെ പരാഗങ്ങൾ
ശ്വാസനാളിയെ കീറിമുറിച്ചപ്പോൾ
തുന്നൽ സൂചികളുമായി അവരെത്തി.
നിറം തിരിച്ചറിയാനാവാത്ത വിധം
അവർ മനുഷ്യരായിരുന്നു;
വിശിഷ്ടഭോജ്യങ്ങൾക്കൊപ്പം
തനിപ്പടം പിടിച്ചവർ
മുഖാവരണങ്ങളിൽ അപ്പോൾ
മുത്തുകൾ കൊരുക്കുകയായിരുന്നു
പ്രോഗ്രസ് കാർഡുകളെ
ചുമപ്പുകൊണ്ട് അലങ്കരിച്ചവർ
ക്ലാസ് മുറി ഒരു രാജ്യം തന്നെയാണെന്ന്
ഉറക്കത്തിലും എന്നെ ഓർമിപ്പിക്കുന്നു.
ഒന്നും പഠിപ്പിക്കാത്ത ഒരു രാജ്യം.
(കോട്ടയം വാഴൂർ എസ്.വി.ആർ.വി.എൻ.എസ് എച്ച്.എസ്.എസിൽ
മലയാള വിഭാഗം അദ്ധ്യാപകനാണ് കവി)