indian-team

മുംബയ്: ന്യൂസിലാന്റുമായുള്ള ടെസ്‌റ്റ് പരമ്പരയിൽ സ്വന്തം മണ്ണിൽ വച്ച് 0-3ന് ഇന്ത്യ തോറ്റിരുന്നു. ഇതിന് പിന്നാലെ ബിസിസിഐ, ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾക്ക് നേരെ കടുത്ത നടപടിയിലേക്ക് നീങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. വെള്ളിയാഴ്‌ച ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരയിലെ പ്രകടനം ഇവരുടെ ഭാവി തീരുമാനിക്കും എന്നാണ് സൂചന. മുതിർന്ന താരങ്ങളായ നായകൻ രോഹിത്ത് ശ‌ർമ്മ, മുൻ നായകൻ വിരാട് കൊഹ്‌ലി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുടെ ഭാവിയാണ് ബിസിസിഐ ചർച്ച ചെയ്യുക.

ബിസിസിഐ മുഖ്യ സെലക്‌ടർ അജിത് അഗാർക്കർ ഏകദിന,ടി20 ടീമിന്റെ ഭാവി തീരുമാനിക്കാൻ ഓസ്‌ട്രേലിയയിലേക്ക് പോകും. കോച്ച് ഗൗതം ഗംഭീറുമൊത്ത് അഗാ‌ർക്കർ ടീമിന്റെ ഭാവി എന്തെന്ന് ചർച്ച ചെയ്‌ത് തീരുമാനത്തിലെത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഗംഭീർ പരിശീലക സ്ഥാനത്തേക്ക് എത്തിയ ശേഷം ഇന്ത്യയ്ക്കുണ്ടായ പരാജയങ്ങൾ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. 'സുദീർഘമായ ഒരു പര്യടനമാണ് ഓസ്‌ട്രേലിയയിൽ എന്നതിനാൽ ഈ പര്യടനത്തിലെ പ്രകടനവും വിലയിരുത്തി ഭാവിയിൽ എങ്ങനെ വേണമെന്ന് ഇരുവരും ചേർന്ന് തീരുമാനിക്കും.' ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ശക്തമായ പിൻബലമുള്ള ഒരു ടീം ഉണ്ടാക്കിയെടുക്കാനാണ് ഇവരുടെ ശ്രമം. ഇതിന് ഒന്നര വർഷമെങ്കിലുംവേണ്ടിവരുമെന്നാണ് സൂചന. കരുത്തരായ മുതിർന്ന താരങ്ങൾക്ക് ശേഷവും മികച്ച ടീമായി ഇന്ത്യ തുടരണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബിസിസിഐ ഇപ്പോൾ പ്രവർത്തിക്കുന്നത്.

വരുന്ന ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിലും രണ്ട് വർഷത്തിനകം വരുന്ന ഏകദിന ലോകകപ്പിലും തങ്ങളുടെ കരിയർ ഏത് തരത്തിലാകണമെന്ന് ആസൂത്രണം ചെയ്യാൻ മുതിർന്ന താരങ്ങളോട് ആവശ്യപ്പെടുമെന്നാണ് ചില ബിസിസിഐ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.