
കൊടുങ്ങല്ലൂരുനിന്ന് ഗുരുവായൂരിലേയ്ക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നവർക്ക് പരിചിതമായ ഒരു മുഖമുണ്ടാവും, 22കാരി അനന്തലക്ഷ്മിയുടെ. കൊടുങ്ങല്ലൂർ- ഗുരുവായൂർ റൂട്ടിലെ ഏക വനിതാ കണ്ടക്ടറാണ് അനന്തലക്ഷ്മി. കാക്കി യൂണിഫോം ധരിച്ച് കൈയിലൊരു ബാഗുമായി യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്ന ഒരു മിടുക്കിയായ കണ്ടക്‌ടർ. തന്റെ അച്ഛന്റെ പാത പിന്തുടർന്നാണ് അനന്തലക്ഷ്മിയും ബസിലെ കണ്ടക്‌ടറായി ജോലിക്ക് കയറിയത്.
കൊടുങ്ങല്ലൂർ സ്വദേശിനിയായ അനന്തലക്ഷ്മിയുടെ പിതാവ് ഷൈൻ ടി ആറും ബസ് ഡ്രൈവറും കണ്ടക്‌ടറുമാണ്. അമ്മ ധന്യ ഷൈൻ വാർഡ് കൗൺസിലറും. സ്വന്തം ബസായ രമപ്രിയയിലായിരുന്നു അനന്തലക്ഷ്മി ആദ്യമായി കണ്ടക്‌ടറുടെ ബാഗ് കയ്യിലെടുത്തത്. ബസിലെ കണ്ടക്‌ടർ ചേട്ടന്മാർ വിശ്രമിക്കവെ അനന്തലക്ഷ്മി തന്നെ ബസിലെ കണ്ടക്‌ടറാകാൻ മുൻകൈയെടുക്കുകയായിരുന്നു. എന്നാൽ വീട്ടുകാർ എതിർത്തു. പുരുഷാധിപത്യ മേഖലയായതിനാൽ സുരക്ഷിതത്വം ചൂണ്ടിക്കാട്ടിയായിരുന്നു വീട്ടുകാർ എതിർത്തത്. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു വീട്ടുകാർ നിർദേശിച്ചത്. എന്നാൽ ബസ് കണ്ടക്‌ടറായി ജോലി ചെയ്യാനുള്ള ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ വീട്ടുകാർ സമ്മതിച്ചു. പഠനവും ഒപ്പം കൊണ്ടുപോകണം എന്നായിരുന്നു വീട്ടുകാർ ആവശ്യപ്പെട്ടത്.
ഇഗ്‌നോ യൂണിവേഴ്‌സിറ്റിയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ എംകോം ചെയ്യുകയാണ് അനന്തലക്ഷ്മി ഇപ്പോൾ. അന്തലക്ഷ്മിയുടെ കുടുംബത്തിന് സ്വന്തമായി മൂന്ന് ബസുകളുണ്ട്. ഇതിൽ തന്നെയാണ് അനന്തലക്ഷ്മി ജോലി ചെയ്യുന്നതും. രാവിലെ ആറുമണി മുതൽ രാത്രി എട്ടുമണിവരെയാണ് ജോലി സമയം. കൊടുങ്ങല്ലൂരിൽ നിന്ന് ഗുരുവായൂരിലേയ്ക്കുള്ള മൂന്ന് ട്രിപ്പുകളിൽ അനന്തലക്ഷ്മിയാണ് കണ്ടക്‌ടർ. പല സർവീസുകളിലും ഡ്രൈവറായി അച്ഛനും ഒപ്പമുള്ളതിനാൽ പേടി തോന്നാറില്ലെന്ന് അനന്തലക്ഷ്മി പറയുന്നു. അച്ഛനില്ലാത്തപ്പോഴും ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ല. അമ്മ എതിർത്തപ്പോഴും മുഴുവൻ പിന്തുണയും നൽകിയത് അച്ഛനായിരുന്നു. ബസിൽ തിരക്കേറെയാണെങ്കിൽ ജോലി കഠിനമാകാറുണ്ട്. എന്നാൽ അതൊന്നും തന്റെ ഇഷ്ട ജോലിക്ക് വിലങ്ങുതടിയാകാറില്ലെന്ന് യുവതി പറയുന്നു. ബസിലെ കണ്ടക്ടറായി ജോലി ചെയ്യുകയാണെങ്കിലും ഭാവിയിൽ സിഎംഎ (സർട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്) ചെയ്യണമെന്നാണ് അനന്തലക്ഷ്മിയുടെ ആഗ്രഹം.
പെൺകുട്ടികൾക്ക് ചേർന്ന പണിയാണോയെന്നും മകളെ പഠിക്കാൻ വിട്ടാൽ പോരെയെന്നും നാട്ടുകാരിൽ പലരും വീട്ടുകാരോട് ചോദിക്കാറുണ്ടെന്ന് അനന്തലക്ഷ്മി പറയുന്നു. എന്നാൽ അതിനൊന്നിനും അനന്തലക്ഷ്മി ചെവികൊടുക്കാറില്ല. ആണുങ്ങളെപ്പോലെ തന്നെ കണ്ടക്ടർ ജോലി തങ്ങൾക്കും പറ്റുമെന്ന് 22കാരി പറയുന്നു. പൂർണ പിന്തുണയുമായി അച്ഛനും അമ്മയും രണ്ട് സഹോദരിമാരും അനന്തലക്ഷ്മിക്ക് ഒപ്പമുണ്ട്.