thar-roxx

ഭോപ്പാൽ: പുതുപുത്തൻ എസ്‌യുവി വാഹനം വാങ്ങി പുറത്തിറക്കിയത് തോക്കെടുത്ത് നിറയൊഴിച്ച് ആഘോഷിച്ച് ഉടമ. സംഭവത്തിന്റെ വീ‌ഡിയോ പുറത്തുവന്നതോടെ രൂക്ഷവിമർശനമാണ് ഉണ്ടായിരിക്കുന്നത്. യശ്‌പാൽ സിംഗ് പൻവാർ എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ചർച്ചയായിരിക്കുന്നത്. പുതിയ മഹീന്ദ്ര താർ റോക്‌സ് ഷോറൂമിൽ നിന്നും പുറത്തിറക്കവെയാണ് ഉടമ തോക്ക് ആകാശത്തേക്ക് ഉയർത്തി വെടിവച്ചത്. മദ്ധ്യപ്രദേശിൽ വച്ച് നവംബർ 18നായിരുന്നു സംഭവം.

ഒരു ബന്ധുവിനൊപ്പം നിൽക്കുന്ന വാഹന ഉടമയുടെ കൈയിൽ തോക്കുണ്ട്. വാഹനം മഹീന്ദ്ര ഷോറൂമിൽ നിന്നും പുറത്തിറക്കിയതും ഇയാൾ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ ഓഫ്റോ‌ഡ് വിദഗ്‌ദ്ധൻ രത്തൻ ധില്ലോൺ ഇതിനെതിരെ രംഗത്തെത്തി. 'മഹീന്ദ്ര ഷോറൂം മാനേജർ ഇതെങ്ങനെ അനുവദിക്കും? ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം. ഇതല്ലെങ്കിൽ പിന്നീട് ഒരു ട്രെൻഡായി മാറും. ' ധില്ലോൺ പറഞ്ഞു.

പലരും മദ്ധ്യപ്രദേശ് പൊലീസ് സംഭവത്തിൽ ശക്തമായ നടപടി എടുക്കണമെന്നും ഈ വീഡിയോ കാണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് നടപടിയെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.