
കൊച്ചി: കൊച്ചുത്രേസ്യ കൈപ്പള്ളിൽ ജന്മംകൊണ്ട് സത്യക്രിസ്ത്യാനിയാണ്. ഏകദൈവ വിശ്വാസി. അതൊരു പരിമിതിയല്ല. ജ്ഞാനികൾക്ക് ക്രിസ്തുവും കൃഷ്ണനും ശിവനും നബിയും ഒരേ സത്യത്തിന്റെ പല ഭാവങ്ങൾ മാത്രം. ആ ബോദ്ധ്യമാണ് കൊച്ചുത്രേസ്യയെ ശ്രീശങ്കരാചാര്യരുടെ 'ശിവാനന്ദലഹരി'യിലേക്ക് നയിച്ചത്. ആ സംസ്‌കൃതകൃതി മലയാളത്തിൽ വിവർത്തനം ചെയ്‌തു, വ്യാഖ്യാനസഹിതം. ഒരുവർഷത്തെ തപസ്. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു.
തിരുവനന്തപുരം പട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പലായ കൊച്ചുത്രേസ്യ (69) ബഹുഭാഷാപണ്ഡിതയാണ്. സംസ്‌കൃതം, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ബിരുദാനന്തര ബിരുദവും എം.എഡും. സംസ്‌കൃതമാണ് പ്രിയഭാഷ.
കൊച്ചുത്രേസ്യയുടെ ആത്മീയചിന്തകളുടെ അക്ഷര പ്രവാഹമാണ് ശിവാനന്ദലഹരി. അത് നിലയ്ക്കുന്നില്ല.
അഷ്ടാവക്ര സംഹിതയുടെ വിവർത്തന-വ്യാഖ്യാനവും
സോളമൻ രാജാവിന്റെ ജീവിതം പ്രമേയമാക്കിയ 'ഭാവസ്ഥിരാണി' നോവലും പൂർത്തിയായി. മേൽപ്പത്തൂരിന്റെ 'നാരായണീയം' വ്യാഖ്യാനമാണ് അടുത്തലക്ഷ്യം.രണ്ടു തിരക്കഥകളും മനസിലുണ്ട്. 'നിങ്ങളുടെ പാട്ടുകൾ എന്റെയും' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്രിസ്തീയ ആചാരങ്ങൾ പാലിക്കുന്ന കൊച്ചുത്രേസ്യയുടെ മതേതര ആത്മീയ യാത്രയെ വീട്ടുകാരും പുരോഹിതന്മാരുമെല്ലാം പ്രോത്സാഹിപ്പിക്കുന്നു. ക്രിസ്തുദേവനുൾപ്പെടെ ഒരേശക്തിയുടെ വിവിധരൂപങ്ങൾ പറഞ്ഞുതരുന്ന സത്യങ്ങൾക്ക് എന്തുമതം? - കൊച്ചുത്രേസ്യ ചോദിക്കുന്നു.
എറണാകുളത്താണ് താമസം. കൈപ്പള്ളിൽ ജോസഫാണ് ഭർത്താവ്. മക്കൾ: അനൂപ് ആന്റണി ജോസഫ് (ഡൽഹി), അനീഷ് തോമസ് ജോസഫ് (യു.കെ).
ഞാൻ മാത്രമല്ല ശരി
'ഞാൻ തന്നെയാണ് നീ' എന്ന തിരിച്ചറിവിനപ്പുറം ഒന്നുമില്ല. ഞാൻ മാത്രമാണ് ശരിയെന്ന തെറ്റിദ്ധാരണ തിരുത്തുന്നതാണ് ശ്രീശങ്കരാചാര്യ-ശ്രീനാരായണ ഗുരുദേവ കൃതികൾ. അറിവിന്റെ മഹാസാഗരങ്ങൾ കടക്കാൻ എത്ര ജന്മങ്ങൾ വേണ്ടിവരും...ദാർശനികതയും സാഹിത്യ സൗന്ദര്യവുമുള്ള കൃതിയാണ് ശിവാനന്ദലഹരി. പല വൃത്തങ്ങളിലെഴുതിയ നൂറിലേറെ ശ്ലോകങ്ങൾ. ഓരോന്നും ശിവനുള്ള അർച്ചനാപുഷ്പമാണ്.
2016ൽ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇന്നർ എൻജിനിയറിംഗ് കോഴ്സാണ് പുസ്തകമെഴുതാൻ പ്രചോദനമായത്. ജീവിതത്തിലെ ഓരോ നിയോഗവും ഈശ്വരനിശ്ചയമാണ്.
കൊച്ചുത്രേസ്യ കൈപ്പള്ളിൽ