money

പള്ളിക്കൽ: മടവൂർ ഉൾപ്പെടെയുള്ള ഗ്രാമങ്ങളിലെ പ്രധാന വരുമാന മാർഗമായിരുന്ന മലഞ്ചരക്ക് വ്യാപാരം ഓർമ്മയാകുന്നു. പള്ളിക്കൽ, മടവൂർ, കിളിമാനൂർ പ്രദേശങ്ങളിലെ പൊതുചന്തകളിലെ പ്രധാന ഉത്പന്നം മലഞ്ചരക്ക് സാധനങ്ങളായിരുന്നു.

കശുഅണ്ടി, കുരുമുളക്, അടയ്ക്ക എന്നിവയായിരുന്നു പ്രധാന ഉത്പന്നങ്ങൾ. ഇതിൽ കൂടുതൽ വില ലഭിക്കുമെന്നതിനാൽ പൂർണമായും സംസ്കരണ പ്രക്രിയ നടത്തിയ ഉത്പന്നങ്ങളും വിപണിയിൽ എത്തും. എന്നാൽ പല കാരണങ്ങളാൽ മലഞ്ചരക്ക് വ്യാപാരം പൊതുമാർക്കറ്റിൽ ഏറക്കുറെ അവസാനിപ്പിച്ച മട്ടാണ്.

പകരക്കാരനായി റബർ

ഗ്രാമങ്ങളിൽ കർഷകർ റബർ കൃഷിയിലേക്ക് തിരിഞ്ഞതോടെ അടയ്ക്കയുടെയും കുരുമുളകിന്റെയും കൃഷി നിലച്ചു. വാർഷിക വിള മാത്രമായ കശുമാവിന് പകരം ആറുമാസമെങ്കിലും വരുമാനം കിട്ടുന്ന റബറുകൾ പുരയിടത്തിൽ സ്ഥാനംപിടിച്ചു. മറ്റ് വളങ്ങളും കൃഷിചെയ്യാൻ മറ്റ് ചെലവുകളും ഇല്ലാത്തതിനാൽ കർഷകർ കൂടുതലും റബറിനെത്തന്നെ തിരഞ്ഞെടുക്കാൻ തുടങ്ങി.

ക‌ൃഷിയിലേക്ക് തിരിച്ചുവരവ്

അടയ്ക്കയുടെ വിലയിടിവും വിളവെടുപ്പിലെ ചെലവും അടയ്ക്കയ്ക്ക് ബാധിക്കുന്ന രോഗങ്ങളും എല്ലാം കൂടിയായതോടെ കർഷകർ അടക്കയെ മറക്കാൻ തുടങ്ങി. ഗ്രാമങ്ങളിലെ മരങ്ങൾ പലതും മുറിച്ചുമാറ്റിയതോടെ കുരുമുളകും അപ്രത്യക്ഷമായി. എന്നാൽ രണ്ടര വർഷക്കാലം കൊണ്ട് കായ്ഫലം ലഭിക്കുന്ന കശുമാവിൻ തൈകൾ,​ കരിമുണ്ട ഇനത്തിലെ കുരുമുളക് തൈകൾ,​ വളരെ ഉയരത്തിലെത്താതെ തന്നെ മൂന്ന് വർഷംകൊണ്ട് കായ്ക്കുന്ന മംഗള, മോഹിത് നഗർ ജനത്തിൽപ്പെട്ട അടയ്ക്ക തൈകൾ എന്നിവയും ഗ്രാമങ്ങളിൽ കൃഷിചെയ്ത് തുടങ്ങിയതായി കൃഷിവകുപ്പ് അധികൃതർ പറയുന്നു.