
മാഡ്രിഡ് : കാളക്കൂറ്റന്റെ കരുത്തുമായി ടെന്നിസ് കോർട്ടുകൾ കീഴടക്കിയ സ്പാനിഷ് താരം റാഫേൽ നദാൽ തന്റെ അവസാന മത്സരവും കഴിഞ്ഞ് റാക്കറ്റ് മാറ്റിവച്ചു. നെതർലാൻഡ്സിന് എതിരായ ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനലിൽ സ്പെയ്നിന് വേണ്ടിയാണ് അവസാനമായി നദാൽ കോർട്ടിലിറങ്ങിയത്. തന്റെ അവസാന മത്സരത്തിൽ നദാലും ക്വാർട്ടറിൽ ടീമും തോറ്റതോടെ രണ്ടുപതിറ്റാണ്ടോളം നീണ്ട നദാലുത്സവത്തിന് കൊടിയിറക്കമായി.
ക്വാർട്ടറിലെ ആദ്യ സിംഗിൾസായിരുന്നു നദാലിന്റെ അവസാന മത്സരം. ഈ മത്സരത്തിൽ ബോടിക് വാൻ ഡി സാൻഷുൽപ്പിനോട് 4-6,4-6 എന്ന സ്കോറിന് തോൽക്കുകയായിരുന്നു നദാൽ. പിന്നാലെ രണ്ടാം സിംഗിൾസിൽ കാർലോസ് അൽക്കാരസ് 7-6 (7/0), 6-3ത്തിന് ടാലൻ ഗ്രീക്ക്സ്പോറിനെ തോൽപ്പിച്ച് പ്രതീക്ഷ പകർന്നെങ്കിലും ഡബിൾസിൽ കാർലോസ് - മാഴ്സൽ സഖ്യം തോറ്റതോടെ സ്പെയ്ൻ പുറത്താവുകയും നദാലിന്റെ കരിയറിന് കർട്ടൻ വീഴുകയുമായിരുന്നു.
കളിമൺ കോർട്ടിലെ രാജാവ് എന്നറിയപ്പെടുന്ന നദാൽ 22 ഗ്രാൻസ്ളാം കിരീടങ്ങൾക്കുടമയാണ്. ഇതിൽ 14 എണ്ണവും കളിമൺ കോർട്ടിലെ ഏക ഗ്രാൻസ്ളാമായ ഫ്രഞ്ച് ഓപ്പണിലാണ്. നാലു തവണ യു.എസ് ഓപ്പൺ ചാമ്പ്യനായ നദാൽ രണ്ടുതവണ വീതം വിംബിൾഡണും ഓസ്ട്രേലിയൻ ഓപ്പണും നേടിയിട്ടുണ്ട്. ദീർഘനാളായി പരിക്കിന്റെ പിടിയിലായിരുന്ന നദാൽ 38-ാം വയസിലാണ് കരിയർ അവസാനിപ്പിക്കുന്നത്. കഴിഞ്ഞമാസമാണ് ഡേവിസ് കപ്പ് തന്റെ വിരമിക്കൽ വേദിയായിരിക്കുമെന്ന് നദാൽ പ്രഖ്യാപിച്ചത്.
22
ഗ്രാൻസ്ളാം കിരീടങ്ങൾ. ഏറ്റവും കൂടുതൽ ഗ്രാൻസ്ളാമുകൾ നേടിയ രണ്ടാമത്തെ താരം. 24 കിരീടങ്ങൾ നേടിയ നൊവാക്ക് ജോക്കോ
വിച്ച് ഒന്നാം സ്ഥാനത്ത്. 20 കിരീടങ്ങളുമായി ഫെഡറർ മൂന്നാമത്.
92
ആകെ കിരീടങ്ങൾ. ഓപ്പൺ കാലഘട്ടത്തിൽ ഇക്കാര്യത്തിൽ അഞ്ചാം സ്ഥാനം.
36 മാസ്റ്റേഴ്സ് കിരീടങ്ങൾ
23 എ.ടി.പി 500 കിരീടങ്ങൾ
10 എ.ടി.പി 250 കിരീടങ്ങൾ
5 ഡേവിസ് കപ്പ് കിരീടങ്ങൾ
1080-228
കരിയറിലെ 1308 മത്സരങ്ങളിൽ 1080 എണ്ണത്തിലും വിജയം. തോറ്റത് 228 മത്സരങ്ങളിൽ മാത്രം. വിജയശതമാനം 82.6
116
മത്സരങ്ങളിലാണ് ഫ്രഞ്ച് ഓപ്പണിൽ കളിക്കാനിറങ്ങിയത്. ഇതിൽ 112 എണ്ണത്തിലും ജയിച്ചു. നാലുതവണ മാത്രമാണ് തോറ്റത്. 14
കിരീടങ്ങളാണ് ഫ്രഞ്ച് ഓപ്പണിൽ നേടിയത്.
14 ഫ്രഞ്ച് ഓപ്പണുകൾ
2005,2006,2007,2008,2010,2011,2012,2013,2014, 2017,2018,2019,2020,2022
4 യു.എസ് ഓപ്പണുകൾ
2010,2013,2017,2019
2 വിംബിൾഡണുകൾ
2008,2010
2 ഓസ്ട്രേലിയൻ ഓപ്പണുകൾ
2009,2022
2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ സിംഗിൾസ് സ്വർണം
2016 റിയോ ഒളിമ്പിക്സിൽ ഡബിൾസിൽ സ്വർണം.
2008 ആഗസ്റ്റ് 18നാണ് ആദ്യമായി എ.ടി.പി റാങ്കിംഗിൽ ഒന്നാമതെത്തിയത്.
134.9 ദശലക്ഷം ഡോളർ (1130കോടിയോളം രൂപ) ആണ് പ്രൈസ്മണിയായി നദാൽ തന്റെ കരിയറിൽ ഇതുവരെ സ്വന്തമാക്കിയത്.ഇക്കാര്യത്തിൽ നൊവാക്ക് ജോക്കോവിച്ചിന് മാത്രം പിന്നിൽ.
നദാൽ Vs ഫെഡററർ
24-16
2004 മുതൽ 2019വരെയുള്ള കാലയളവിലായിരുന്നു നദാലും ഫെഡററും തമ്മിൽ സ്ഥിരമായി ഏറ്റുമുട്ടിയിരുന്നത്. 40 മത്സരങ്ങളിൽ ഇവർ മുഖാമുഖം വന്നപ്പോൾ 24 തവണ ജയം നദാലിനൊപ്പം. 16 തവണ ഫെഡറർ ജയിച്ചു. 14 ഗ്രാൻസ്ളാം മത്സരങ്ങളിൽ പത്തിലും ജയം നദാലിന്. കോർട്ടിന് പുറത്ത് അടുത്ത സുഹൃത്തുകൾ.
നദാൽ Vs ജോക്കോവിച്ച്
29-31
ഓപ്പൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ തവണ ഏറ്റുമുട്ടിയ താരങ്ങളാണ് നദാലും ജോക്കോയും;60 തവണ. ഇതിൽ 31 ജയം ജോക്കോയ്ക്ക് , 29 ജയം നദാലിന്. ഗ്രാൻസ്ളാമുകളിലെ 18 മത്സരങ്ങളിൽ 11ജയം നദാലിന്. ഒൻപത് ഗ്രാൻസ്ളാം ഫൈനലുകളിൽ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്.