
ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന് നാളെ പെർത്തിൽ തുടക്കം
പെർത്ത് : ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ഏറ്റവും കഠിനമായ ഒരു പരീക്ഷണത്തിനാണ് നാളെ മുതൽ കംഗാരുക്കളുടെ നാട്ടിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങുന്നത്.ബോർഡർ ഗാവസ്കർ ട്രോഫിയിലെ അഞ്ചുടെസ്റ്റുകളാണ് ഇന്ത്യയെ ഓസ്ട്രേലിയൻ മണ്ണിൽ കാത്തിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഈ മത്സരങ്ങളിൽ വിജയിക്കേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്.
ഒക്ടോബറിൽ ബംഗ്ളാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കി മികച്ച ആത്മവിശ്വാസത്തിലായിരുന്ന ഗൗതം ഗംഭീറും സംഘവും ന്യൂസിലാൻഡിനെതിരെ മൂന്ന് മത്സരപരമ്പര മൊത്തത്തിൽ അടിയറവ് വച്ചതോടെ ബാക്ഫൂട്ടിലാണ്. എന്നിട്ടും ഏറെക്കുറെ കിവീസിനെതിരെ കളിച്ച അതേടീമിനെത്തന്നെ ഓസ്ട്രേലിയയിലേക്കും കൊണ്ടുപോയിരിക്കുകയാണ് ഗംഭീർ. പരിശീലകനായുള്ള കരിയറിന്റെ തുടക്കത്തിൽതന്നെ ഗംഭീറിന് ഏറെ നിർണായകമായി മാറിയിരിക്കുകയാണ് ഈ പരമ്പര.
സീനിയർ താരങ്ങളായ വിരാട് കൊഹ്‌ലി,രോഹിത് ശർമ്മ,അശ്വിൻ,രവീന്ദ്ര ജഡേജ എന്നിവരുടെ അവസാന ബോർഡർ ഗാവസ്കർ ട്രോഫിയാകും ഇതെന്നാണ് കരുതുന്നത്. കിവീസിനെതിരായ തോൽവികളിൽ ഏറ്റവും കൂടുതൽ പഴികേട്ടത് ഈ സീനിയർ താരങ്ങളാണ്. ഈ പരമ്പരയിലും തിളങ്ങാൻ കഴിയാതിരുന്നാൽ ഇവരിൽ പലർക്കും ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിറുത്താനാവില്ലെന്ന് അടക്കം പറച്ചിലുകളുണ്ട്. സീനിയേഴ്സിനെന്നപോലെ യശസ്വി ജയ്സ്വാൾ,ശുഭ്മാൻ ഗിൽ,സർഫ്രാസ് ഖാൻ തുടങ്ങിയ യുവതാരങ്ങൾക്കും ഈ പരമ്പര വലിയ വെല്ലുവിളിയാണ്. ഫോമിലല്ലാതിരുന്നിട്ടും ഗംഭീർ ഒപ്പം കൂട്ടിയ കെ.എൽ രാഹുലിനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പുതന്നെ ഈ പരമ്പരയിലെ പ്രകടനത്തെ ആശ്രയിച്ചാകും.
ബാറ്റിംഗ് നിരയിൽ മാറ്റം
1. തന്റെ രണ്ടാമത്തെ കുഞ്ഞ് പിറന്നതിനാൽ നായകൻ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിനില്ല. പരിശീലനത്തിനിടെ ഇടത് തള്ളവിരലൊടിഞ്ഞ ശുഭ്മാൻ ഗില്ലും ആദ്യ ടെസ്റ്റിൽ കളിക്കില്ല. ഇതോടെ ഇന്ത്യയുടെ മുൻനിര ബാറ്റിംഗ് ലൈനപ്പിൽ മാറ്റംവരും.
2. രോഹിത് ശർമ്മയും യശസ്വി ജയ്സ്വാളും ചേർന്നാണ് നിലവിൽ ഓപ്പണിംഗ് ചെയ്തിരുന്നത്. രോഹിതിന് പകരം കെ.എൽ രാഹുൽ ഓപ്പണറായി എത്താനാണ് സാദ്ധ്യത കൂടുതൽ.
3. ഫസ്റ്റ് ഡൗൺ പൊസിഷനിൽ ഗില്ലിന് പകരം മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കലാകും ഇറങ്ങുക. ഇന്ത്യൻ എ ടീമിനാെപ്പം ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയ ദേവ്‌ദത്തിനെ ഗില്ലിന് പരിക്കേറ്റതിനാൽ സീനിയർ ടീമിലേക്ക് വിളിപ്പിക്കുകയായിരുന്നു.
പരമ്പര ഫിക്സ്ചർ
ഒന്നാം ടെസ്റ്റ്
നവംബർ 22-26, പെർത്ത്.
രണ്ടാം ടെസ്റ്റ്
ഡിസംബർ 6-10, അഡ്‌ലെയ്ഡ്*
മൂന്നാം ടെസ്റ്റ്
ഡിസംബർ 14-18 , ബ്രിസ്ബേൻ.
നാലാം ടെസ്റ്റ്
ഡിസംബർ 26-30, മെൽബൺ
അഞ്ചാം ടെസ്റ്റ്
ജനുവരി 3-7,സിഡ്നി
നവംബർ 30,ഡിസംബർ ഒന്ന് തീയതികളിൽ ഇന്ത്യൻ ടീമും ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ടീമും തമ്മിൽ ദ്വിദിന പരിശീലന മത്സരം കളിക്കും.
* അഡ്‌ലെയ്ഡിൽ ഡേ ആൻഡ് നൈറ്റ് ടെസ്റ്റാണ്.
1991-92ന് ശേഷം ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയിൽ അഞ്ചുടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത്.
ബോർഡർ - ഗാവസ്കർ ട്രോഫി
1996 മുതലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പോരാട്ടം ബോർഡർ-ഗാവസ്കർ ട്രോഫിയായി നാമകരണം ചെയ്തത്. ഇതുവരെ 16 ചാമ്പ്യൻഷിപ്പുകൾ നടന്നുകഴിഞ്ഞു. ഇതിൽ 10 തവണ ഇന്ത്യ പരമ്പര നേടി. ഒരു തവണ പരമ്പര സമനിലയിലായപ്പോൾ മുൻ ജേതാക്കളെന്ന നിലയിൽ ഇന്ത്യ ട്രോഫി സ്വന്തമാക്കി. 2018-19 സീസണിലും 2020-21 സീസണിലും ഓസ്ട്രേലിയയിൽ നടന്ന പരമ്പരകളിൽ വിജയം നേടിയത് ഇന്ത്യയാണ്. 2022-23 സീസണിൽ ഇന്ത്യയിൽ നടന്ന പരമ്പര നേടിയ ഇന്ത്യയാണ് നിലവിലെ ജേതാക്കൾ.