തിരുവനന്തപുരം: അവസാന നിമിഷം വരെ വിവാദങ്ങൾ പെയ്തിറങ്ങിയ പാലക്കാട്ടെ വിധിയെഴുത്തും കഴിഞ്ഞതോടെ, ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളുടെയും ഫലത്തിൽ ആകാംക്ഷയോടെ ഉറ്റുനോക്കി രാഷ്ട്രീയ കേരളം. മൂന്നുമുന്നണികളും മുൾമുനയിലാണ്.
വോട്ടിംഗ് ശതമാനം കഴിഞ്ഞ തവണത്തേതിൽ താഴെയായത് ഫലത്തെ സ്വാധീനിക്കാമെങ്കിലും മുണണി നേതാക്കൾ വലിയ ആത്മവിശ്വാസത്തിലാണ്. വിശേശിച്ച് പാലക്കാട്ടും ചേലക്കരയിലും. വയനാട് പാർലമെന്റ് സീറ്റിൽ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം നാലുലക്ഷം കടക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുമ്പോൾ, പരമാവധി കരുത്ത് കാട്ടുകയാണ് എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും ലക്ഷ്യം.
സിറ്റിംഗ് സീറ്റായ വയനാടും പാലക്കാടും നിലനിറുത്തുന്നതിനൊപ്പം സി.പി.എമ്മിന്റെ ചേലക്കര കൂടി പിടിച്ചെടുക്കാനുള്ള യു.ഡി.എഫിന്റെ കാടിളക്കിയുള്ള പോരാട്ടം എത്ര മാത്രം വിജയം കണ്ടു? മൂന്ന് പതിറ്റാണ്ടായി ചെങ്കൊടിയെ ചേർത്തുപിടിക്കുന്ന ചേലക്കര കൈവിടാതെ നോക്കാനും പാലക്കാട്ടും വെന്നിക്കൊടി പാറിക്കാനും എൽ.ഡി.എഫ് നടത്തിയ പ്രചാരണ തന്ത്രങ്ങൾ സഫലമാവുമോ? ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തി കേന്ദ്രത്തിൽ തൃശൂർ മോഡൽ വിജയമെന്ന എൻ.ഡി.എയുടെ മോഹം പൂവണിയുമോ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ശനിയാഴ്ചത്തെ ഫലത്തിലൂടെ പുറത്തുവരുന്നത്.
ചേലക്കര പിണറായി
സർക്കാരിന്റെ ഉരകല്ല്
ഭരണവിരുദ്ധ വികാരവും 'ദിവ്യ" വിവാദവും യു.ഡി.എഫ് ആളിക്കത്തിക്കാൻ ശ്രമിച്ച ചേലക്കരയിലെ ഫലം രണ്ടാം പിണറായി സർക്കാരിന്റെ ഉരകല്ലായാണ് കണക്കാക്കപ്പെടുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒന്നര വർഷം ശേഷിക്കെ, ചേലക്കരയിലേത് സർക്കാരിന്റെ വിലയിരുത്തൽ മാത്രമല്ല, മൂന്നാമൂഴം തേടുന്ന ഇടതുമുന്നണിക്കുള്ള ടെസ്റ്റ് ഡോസും കൂടിയാണ്. പ്രചാരണത്തിൽ തുടക്കംമുതൽ നിറഞ്ഞുനിന്നത് എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പി.പി.ദിവ്യക്ക് സി.പി.എം നൽകിയ അതിരുവിട്ട സംരക്ഷണമാണ്. തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയെങ്കിലും വോട്ടർമാർ അതെങ്ങനെ ഉൾക്കൊള്ളുമെന്നതാണ് പാർട്ടിക്ക് ആശങ്ക ഉയർത്തുന്ന ചോദ്യം.
പാലക്കാട്ട്
ഫോട്ടോഫിനിഷ്
പാലക്കാട്ട് വോട്ടെടുപ്പ് ദിനം വരെ നീണ്ട വിവാദ കോലാഹലങ്ങളും വെല്ലുവിളികളും മൂന്ന് മുന്നണികൾക്കും ഫലം ഫോട്ടോ ഫിനിഷിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്. കോൺഗ്രസിൽ നിന്നെത്തിയ ഡോ. പി.സരിൻ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായത് മുതൽ വോട്ടെടുപ്പിന് നാലുദിവസം മുമ്പ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസ് പാളയത്തിലെത്തിയത് വരെ വാദ പ്രതിവാദങ്ങൾ കൊഴിപ്പിച്ചു. എന്നാൽ സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനത്തെ തുടർന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ ജമാ അത്തെ ഇസ്ലാമിയുടെ അനുയായിയെന്ന മട്ടിൽ മുഖ്യമന്ത്രി വിമർശിച്ചത് പ്രചാരണത്തെ അലങ്കോലമാക്കി. അതിന്റെ അടിയൊഴുക്കുകൾ പാലക്കാട്ടെ മുസ്ലിം വോട്ടർമാരിൽ എങ്ങനെ പ്രതിഫലിക്കുമെന്നും കണ്ടറിയണം. പോളിംഗിന് തൊട്ടുതലേന്ന് സി.പി.എം നൽകിയ പത്ര പരസ്യവും സംസ്ഥാനത്തുടനീളം ചർച്ചകൾക്ക് വഴിയൊരുക്കി.