
വിശാഖപട്ടണം : നിയമവിദ്യാർത്ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തിയ സംഭവത്തിൽ കാമുകനുൾപ്പെടെ നാലുപേരെ പൊലീസ് പിടികൂടി. ആന്ധ്രപ്രദേശിൽ കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനോവിഷമത്തിലായിരുന്ന യുവതി അടുത്തിടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു, ഇതിനെത്തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് വിദ്യാർത്ഥിനിയുടെ കുടുംബം നൽകിയ പരാതിയിലാണ് കാമുകനായ വംശിയും മൂന്നു സുഹൃത്തുക്കളും ചൊവ്വാഴ്ച പിടിയിലായത്.
കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ യുവതിയെ മാനഭംഗത്തിന് ഇരയാക്കിയത്. വംശിയും യുവതിയും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു,. ഓഗസ്റ്റിൽ കാമുകൻ യുവതിയെ വിശാഖപട്ടണത്തെ കൃഷ്ണനഗറിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് മാനഭംഗപ്പെടുത്തിയിരുന്നു. ഈ ദൃശ്യങ്ങൾ വംശിയുടെ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് കാമുകന്റെ സുഹൃത്തുക്കൾ യുവതിയെ ബലാത്സംഗം ചെയ്തു. പുറത്തു പറഞ്ഞാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. ഭീഷണിയെ തുടർന്ന് സംഭവത്തെ കുറിച്ച് പുറത്തു പറയാതിരുന്ന യുവതി നവംബർ 18ന് വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ യുവതിയുടെ പിതാവ് ഇത് കാണുകയും രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് തനിക്ക് നേരിട്ട ദുരനുഭവത്തെകുറിച്ച് യുവതി വീട്ടുകാരോട് പറഞ്ഞത്. പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.