
കോഴിക്കോട് : വയനാട് ചൂരൽമലയിൽ പ്രകൃതിദുരന്തത്തിന് ഇരയായ കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിന് സഹായ ഹസ്തവുമായി മലബാർ ഗ്രൂപ്പ്. ദുരന്തത്തിന് ഇരയായ കുടുംബങ്ങളിലെ കുട്ടികൾ അവരുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തുടർ വിദ്യാഭ്യാസത്തിനുള്ള മുഴുവൻ ചെലവും മലബാർ ഗ്രൂപ്പ് ഏറ്റെടുക്കാൻ തീരുമാനിച്ചു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'റിവൈവ് വയനാട് പോസ്റ്റ് റിഹാബിലിറ്റേഷൻ പ്രോജക്ട്' പ്രവർത്തനങ്ങളുമായി സഹകരിച്ച് മലബാർ ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് പദ്ധതി നടപ്പിലാക്കുക. 155 കുട്ടികൾക്കാണ് ഉന്നത പഠനത്തിന് സാമ്പത്തികമടക്കമുള്ള സഹായം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇവർക്ക് മൂന്ന് വർഷത്തേക്കുള്ള പഠനത്തിനായി ഒന്നര കോടിയോളം രൂപയാണ് മലബാർ ഗ്രൂപ്പ് ചെലവഴിക്കുക. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ചെലവും ഭക്ഷണചെലവും മറ്റ് വ്യക്തിപരമായ ചെലവുകളും അടക്കം പഠനകാലയളവിലെ എല്ലാ ചെലവുകളും പദ്ധതി വഴി നൽകും. പദ്ധതിയുടെ ആദ്യ കൗൺസലിംഗ് സെഷൻ മേപ്പാടിയിലെ എം.എസ്.എ ഓഡിറ്റോറിയത്തിൽ നടന്നു. മലബാർ ഗ്രൂപ്പ് സി.എസ്.ആർ വിഭാഗം മേധാവി പി.കെ ഷബീർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് കൽപ്പറ്റ ഷോറൂം ഹെഡ് അബൂബക്കർ, വീ ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്‌സ് സി.ഇ.ഒ അഖിൽ കുര്യൻ, അഡ്വ. പ്രണവ് കാതറിൻ, അപർണ്ണ തുടങ്ങിയവർ പങ്കെടുത്തു.