
തിരുവനന്തപുരം, : വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ അണിനിരത്തി യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രം സംഘടിപ്പിച്ച ഭക്ഷ്യമേള യമ്മി എയ്ഡ് 2024, ജീവനക്കാരുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണം ലക്ഷ്യമാക്കിയുള്ള ഭക്ഷ്യമേളയിലൂടെ ജീവനക്കാർ സമാഹരിച്ചത് 4.70 ലക്ഷം രൂപയാണ്.
പതിനൊന്നാം വർഷത്തിലേയ്ക്ക് കടന്ന യമ്മി എയ്ഡ് ഭക്ഷ്യമേള യു എസ് ടി തിരുവനന്തപുരം കേന്ദ്രത്തിലെ വനിതാ ജീവനക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയായ നെറ്റ്‌വർക്ക് ഒഫ് വിമൻ അസ്സോസിയേറ്റ്സിന്റെ (നൗ യു) ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത് 27 ടീമുകൾ മാറ്റുരച്ച മേളയിൽ 6000 യു എസ് ടി ജീവനക്കാരാണ് പങ്കെടുത്തത്. ഭക്ഷ്യമേളയിലൂടെ സമാഹരിച്ച 4.70 ലക്ഷം രൂപ സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സഹായത്തിനായി വിനിയോഗിക്കും. ഒപ്പം, യു എസ് ടിയിലെ തന്നെ മറ്റൊരു കൂട്ടായ്മയായ കളർ റോസ് ടീമുമായി സഹകരിച്ച് നൗ യു നടക്കാനിരിക്കുന്ന വിവിധ സാമൂഹിക സേവന പരിപാടികൾക്ക് കൈത്താങ്ങാവുകയും ചെയ്യും.
വിധികർത്താക്കളായി ഓ ബൈ താമരയിലെ ഷെഫ് സുരേഷ്, പൂമരം കിച്ചൺ ഷെഫ് സുകിൽ റാം, സീനിയർ നുട്രീഷനിസ്റ്റും ഹെൽത്ത് കോച്ചുമായ ഗൗരി കൃഷ്ണ എന്നിവരാണ് എത്തിയത്. സ്വന്തം വീടുകളിൽ പാചകം ചെയ്ത വിഭവങ്ങളാണ് യമ്മി എയ്ഡ് 2024 ൽ മത്സരത്തിനും വില്പനയ്ക്കുമായി സജ്ജമാക്കിയത്.
ടീം സ്വാദ് ഒരുക്കിയ ബ്ലാക്ക് റൈസ് ആൻഡ് എട്ടങ്ങാടി കോംബോ മികച്ച ഹെൽത്തി ഡിഷ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടീം വിശപ്പ് ഒരുക്കിയ സ്റ്റിക്കി മാംഗോ ക്വിനോ മികച്ച സിഗ്‌നേച്ചർ ഡിഷ് ആയും, ടീം ഗോവ എ മേസയെ മികച്ച സ്റ്റാൾ ആയും തിരഞ്ഞെടുത്തു. മത്സരത്തോടനുബന്ധിച്ചു നടന്ന വെൽനെസ്സ് വാറിയേഴ്സ് ചലഞ്ചിൽ ടീം വെൽനെസ്സ് വാറിയേഴ്സ് ടെൽകോ ചാമ്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ടു. ഐ എസ് വാറിയേഴ്സ് റണ്ണർ അപ്പ് ആയി. ഉദ്ഘാടന പതിപ്പിൽ ഉണ്ടായിരുന്ന അതെ ആവേശം ഒട്ടും ചോരാതെ പതിനൊന്നാം വർഷവും കാണാനായി എന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന് നൗ യു തിരുവനന്തപുരം ലീഡായ സുമീത മാധവിയമ്മ പറഞ്ഞു. കഴിഞ്ഞ വർഷം, യമ്മി എയ്ഡ് 2023 വഴി സമാഹരിച്ച 4.10 ലക്ഷം രൂപ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോകെയർ ഐ സി യു വിനാണ് സംഭാവന ചെയ്തത്.