sarfaraz

കൊല്‍ക്കത്ത: ചില ജീവിത വിജയങ്ങള്‍ക്ക് പിന്നിലെ കഠിനാധ്വാനം പറഞ്ഞറിയിക്കാവുന്നതിലും വലുതായിരിക്കും. അത്തരത്തിലൊന്നാണ് സര്‍ഫറാസ് എന്ന 21കാരന്‍ ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളോട് പൊരുതി നേടിയെടുത്തത്. നീറ്റ് പരീക്ഷയില്‍ 720ല്‍ 677 മാര്‍ക്ക് നേടിയാണ് സര്‍ഫറാസ് എംബിബിഎസ് പഠനത്തിന് തയ്യാറെടുക്കുന്നത്. ലക്ഷങ്ങള്‍ ഫീസായി നല്‍കിയോ മികച്ച സൗകര്യത്തിലും ചുറ്റുപാടിലും ഇരുന്ന് പഠിച്ചോ അല്ല ഈ നേട്ടം എന്നത് തന്നെയാണ് സര്‍ഫറാസിന്റെ നേട്ടത്തെ മികച്ചതില്‍ മികച്ചതാക്കി മാറ്റുന്നത്.

ഇഷ്ടിക ചൂളയിലെ തൊഴിലാളിയായ അച്ഛനൊപ്പം രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ജോലി ചെയ്യും. പിന്നീട് വീട്ടിലേക്ക്, മേല്‍ക്കൂരപോലുമില്ലാത്ത വീട്ടിലിരുന്നാണ് പഠനം. പൊട്ടിപ്പൊളിഞ്ഞ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് പഠനം. തണുപ്പും ചൂടുമൊക്കെ അവഗണിച്ച് രാത്രി വൈകിയും പഠിക്കാനിരിക്കുന്ന മകന് അമ്മയാണ് കൂട്ടിരിക്കുക. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ഫറാസ് തന്റെ ജീവിത കഥ തുറന്ന് പറഞ്ഞത്.

പി.എം ആവാസ് യോജനയിലൂടെനിര്‍മ്മിച്ച വീട്ടിലാണ് അനുജത്തി അടങ്ങുന്ന സര്‍ഫാസിന്റെ നാലംഗ കുടുംബം താമസിച്ചിരുന്നത്. രാവിലെ ആറുമുതല്‍ ഉച്ചക്ക് രണ്ടുവരെ ഇഷ്ടിക ചുമക്കാന്‍ പോകും. ദിവസവും 200- 400 ഇഷ്ടികവരെ സര്‍ഫാസ് ചുമന്നിരുന്നു. പത്താം ക്ലാസ് പഠനത്തിനുശേഷം നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ ചേരാന്‍ ആഗ്രഹിച്ച സര്‍ഫാസ് എഴുത്തുപരീക്ഷ വിജയിച്ച് അഭിമുഖത്തിന് യോഗ്യത നേടി. എന്നാല്‍ അഭിമുഖത്തിനു മുമ്പുണ്ടായ അപകടം എല്ലാം തകിടംമറിച്ചു.

ലോക്ഡൗണ്‍ കാലത്താണ് ശ്രദ്ധ നീറ്റ് പരീക്ഷയിലേക്ക് മാറ്റിയത്. 2023ല്‍ നീറ്റ് വിജയിച്ച് ഡെന്റല്‍ കോളേജില്‍ പ്രവേശനം നേടിയെങ്കിലും സാമ്പത്തിക പരിമിതികള്‍ പകുതിവെച്ച് അത് ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ 2024-ലെ നീറ്റ് പരീക്ഷയില്‍ സര്‍ഫാസ് കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ്. മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി. അഡ്മിഷന്‍ നേടിയ കോളേജിലെ ചെലവുകള്‍ക്കുള്ള പണവും ഇതിനു പുറമേ 5 ലക്ഷം രൂപയുടെ വായ്പയും നല്‍കി സര്‍ഫറാസിനെ സഹായിക്കാന്‍ഓണ്‍ലൈന്‍ പരിശീലനം നേടിയ സ്ഥാപനംരംഗത്തെത്തിയിട്ടുണ്ട്.