neymar-

ദുബായിൽ 20 കോടി ദിർഹത്തിന്റെ ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി ബ്രസീലിയൻ ഫുട്‌ബാൾ താരം നെയ്മർ . ദുബായ് ബിസിനസ് ബേയിലെ ബുഗാട്ടി റസിഡൻസിലാണ് 455 കോടി രൂപ വിലവരുന്ന പെന്റ് ഹൗസ് താരം സ്വന്തമാക്കിയത്. ദുബായ് ആസ്ഥാനമായ ആർക്കിടെക്ചർ ഗ്രൂപ്പായ ബിൻഹാട്ടി ഡെവലപ്പേഴ്‌സിന്റെ സി.ഇ.ഒ മുഹമ്മദ് ബിൻഹാട്ടി രൂപകല്പന ചെയ്തതാണ് ബുഗാട്ടി റസിഡൻസ്. ശതകോടീശ്വരൻമാർക്ക് അനുയോജ്യമായ ആഡംബര സൗകര്യങ്ങളടക്കം ഇവിടെ ഉണ്ടാകും. അത്യാഡംബര വാഹന ബ്രാൻഡായ ബുഗാട്ടിയുടെ റിയൽ എസ്റ്റേറ്റ് പദ്ധതിയിലേക്കുള്ള ചുവട് വയ്പായാണ് ബുഗാട്ടി റസിഡൻസിനെ വിലയിരുത്തുന്നത്.

കാറുകൾ ഉൾപ്പെടെ കൊണ്ടുപോകാവുന്ന സ്വകാര്യ എലവേറ്റർ,​ ഡൗൺടൗൺ ദുബായിയുടെ സുന്ദര ദൃശ്യങ്ങൾ സമ്മാനിക്കുന്ന സ്വകാര്യ സ്വിമ്മിംഗ് പൂൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നെയ്മറിന്റെ ആഡംബര വസതിയിലുണ്ട്. പദ്ധതിയുടെ ഭാഗമായ സ്കൈമാൻഷൻ കളക്ഷനിലാണ് നെയ്‌മറുടെ വീടുള്ളത്.

സങ്കീർണമായ ഡിസൈനാണ് ബുഗാട്ടി റസിഡൻസിന്റെ പ്രത്യേകത. ദുബായ് റിയൽ എസ്റ്റേറ്റ് രംഗത്തെ ഏറ്റവും ഉയർന്ന ഇടപാടായാണ് നെയ്മറിന്റെ പുതിയ വസതിയുടെ വില്പനയെ വിശേഷിപ്പിക്കപ്പെടുന്നത്. നെയ്മറിന്റെ വരവ് ആഗോള സെലിബ്രിറ്റികളിൽ കൂടുതൽ പേരെ ഇവിടേക്ക് ആകർഷിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ .