sports

കോഴിക്കോട്: രണ്ടാംപകുതിയില്‍ പകരക്കാരനായിട്ടിറങ്ങി സൂപ്പര്‍ഗോള്‍ നേടിയ മുഹമ്മദ് അജ്സലിലൂടെ സന്തോഷ്ട്രോഫി പ്രാഥമിക റൗണ്ട് മത്സരത്തില്‍ കേരളത്തിന് ആദ്യജയം. എതിരില്ലാത്ത ഒരുഗോളിന് (10) റെയില്‍വേയ്‌സിനെ തകര്‍ത്താണ് ഗ്രൂപ്പ് എച്ചില്‍ കേരളം തേരോട്ടം തുടങ്ങിയത്. ഇന്നലെ രാവിലെ നടന്ന ആദ്യ മത്സരത്തില്‍ 3-2ന് ലക്ഷദ്വീപിനെ തകര്‍ത്ത് പോണ്ടിച്ചേരിയും ജയം കണ്ടു.
ആദ്യപകുതിയില്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയ കേരളം രണ്ടാം പകുതിയില്‍ സല്‍മാനെ വലിച്ച് മുഹമ്മദ് അജ്സലിനെ ഇറക്കി.

71-ാം മിനിട്ടില്‍ നിജോ ഗില്‍ബര്‍ട്ട് ഗോള്‍പോസ്റ്റിനരികില്‍ നിന്ന് കുറുക്കി നല്‍കിയ പാസ് അജ്സല്‍ വെടിയുണ്ട കണക്കെ ഗോള്‍പോസ്റ്റിലേക്ക് പായിച്ചു. അതുവരെ നനഞ്ഞപടക്കംപോലെ നീങ്ങിയ കളി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ കോരിത്തരിപ്പിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. തുടര്‍ന്നുള്ള മിനുട്ടുകളില്‍ മലയാളിതാരങ്ങള്‍ ആധിപത്യം വഹിക്കുന്ന റെയില്‍വേസ് സടകുടഞ്ഞെഴുന്നേറ്റെങ്കിലും കേരളത്തിന്റെ സൂപ്പര്‍ ഗോളി എസ്.ഹജ്മല്‍ ഗോള്‍ വഴങ്ങാതെ കോട്ടകാത്തു.

ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളവസരങ്ങള്‍ കേരളത്തിനായിരുന്നു. കളിയുടെ 19ാം മിനിട്ടില്‍ ഗനിയുടെ സൂപ്പര്‍ പാസ് ക്രിസ്റ്റി ഡേവിസിന്റെ കാലുകളില്‍ കൃത്യമായി പതിഞ്ഞെങ്കിലും ഷോട്ട് പാളിപ്പോയി. കളിയുടെ 63ാം മിനിട്ട് ചങ്കിടിപ്പിന്റേതായിരുന്നു. റെയില്‍വേയുടെ സൂഫിയാന്‍ ഷെയ്ക്ക് ഗോളിയെവെട്ടിച്ച് പോസ്റ്റിനുള്ളിലേക്ക് ഇടിച്ച് കയറിയെങ്കിലും കേരളത്തിന്റെ മനോജിന്റെ കാലുകള്‍ ഗോള്‍ലൈനില്‍ നിന്നും പന്തിനെ തിരിച്ചടിച്ചു.

ഗോളെന്ന് വിളിച്ചുപറഞ്ഞ ഗ്യാലറിയേയും ആവേശത്തിലാറാടാനിരുന്ന റെയില്‍വേസിനേയും ആ ഗോള്‍ നിരാശപ്പെടുത്തിയത് ചില്ലറയല്ല. ആദ്യഗോളിന് ശേഷം കേരളം റെയില്‍വേസിന്റെ ഗോള്‍പോസ്റ്റിലേക്ക് 76ാം മിനുട്ടില്‍ ഇരച്ച് കയറിയെങ്കിലും അവരുടെ ഗോളി അതിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. തുടര്‍ന്നുള്ള മിനിട്ടുകളില്‍ പ്രതിരോധം തീര്‍ത്ത് കളിയുടെ സമയം നീട്ടിയെടുക്കുകയായിരുന്നു കേരളം. ഇടയ്ക്ക് വീണും പുറത്തേക്ക് പന്തടിച്ചും സമയം നീട്ടിയെടുത്ത താരങ്ങള്‍ തങ്ങളുടെ ആദ്യ ജയം വലുതായിതന്നെ ആഘോഷിച്ചു. കേരളത്തിന്റെ കരുത്തില്‍ ക്യാപ്റ്റന്‍ സഞ്ജുവും മനോജും മുഷറഫും മുഹമ്മദ് റിയാസും നിര്‍ണായക സാന്നിദ്ധ്യമായി. നാളെ ലക്ഷദ്വീപുമായിട്ടാണ് കേരളത്തിന്റെ അടുത്തമത്സരം. 24ന് പോണ്ടിച്ചേരിയെ നേരിടും.