
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് പുതുതായി ആരംഭിക്കുന്ന നോര്‍ക്കാ അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് പദ്ധതിയില്‍ എംപ്ലോയര്‍ കാറ്റഗറിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
നോര്‍ക്ക റൂട്ട്‌സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയര്‍) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും.
സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് (ഇ.എസ്.ഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്), ഉദ്യം, രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എല്‍.എല്‍.പി കമ്പനികള്‍, അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.
ഓട്ടോമൊബൈല്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭങ്ങള്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 04712770523ല്‍ ബന്ധപ്പെടുകയോ ചെയ്യാം.