pic

ബാങ്കോക്ക്: 14 സുഹൃത്തുക്കളെയും പരിചയക്കാരെയും സയനൈഡ് നൽകി കൊലപ്പെടുത്തിയ തായ്‌ലൻഡ് സ്വദേശിനിക്ക് വധശിക്ഷ. സരാരത്ത് രംഗ്‌സിവുതപോം ( 36 )​ എന്ന യുവതിയ്ക്കാണ് ബാങ്കോക്ക് കോടതി ശിക്ഷ വിധിച്ചത്. ഇവർ കുറ്റം സമ്മതിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് തായ് പൊലീസ് ഇവരെ പിടികൂടിയത്. സരാരത്തിന്റെ സുഹൃത്തായ സിരിപോം ഖാൻവോംഗ് എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. കഴിഞ്ഞ വർഷം ഏപ്രിലിൽ മരിച്ച സിരിപോം ഖാൻവോംഗ്,​ സരാരത്തുമൊത്ത് ബാങ്കോക്കിന് പടിഞ്ഞാറുള്ള ററ്റ്ചാബുരി പ്രവിശ്യയിലേക്ക് യാത്ര പോയിരുന്നു.

ഇതിനിടെ ഒരു നദിക്കരയിൽ കുഴഞ്ഞുവീണ് സിരിപോം മരിച്ചു. സിരിപോമിന്റെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അന്വേഷണം സരാരത്തിലേക്ക് നീണ്ടു. ചോദ്യം ചെയ്യലിനിടെയാണ് മുൻ കാമുകൻ അടക്കം മറ്റ് 13 പേരെ കൂടി സരാരത്ത് കൊലപ്പെടുത്തിയെന്ന സൂചന ലഭിച്ചത്. സാമ്പത്തികപരമായ കാരണങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ചൂതാട്ടത്തിനും മറ്റും അടിമയായിരുന്ന സരാരത്ത് കൊലചെയ്യപ്പെട്ടവരുടെ പണവും ആഭരണങ്ങളും കൈക്കലാക്കി.

സിരിപോമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തി. മാത്രമല്ല,​ സിരിപോമിന്റെ ഹാൻഡ്‌ബാഗും പണവും നഷ്ടപ്പെട്ടെന്നും പൊലീസ് കണ്ടെത്തി. സരാരത്തിന്റെ മറ്റ് ഇരകളും ഇതേ മാതൃകയിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. 2015ലാണ് കൊലപാതക പരമ്പര ആരംഭിച്ചത്.

കൊല്ലപ്പെട്ടവരിൽ രണ്ട് വനിതാ പൊലീസുകാരും ഉൾപ്പെടുന്നുണ്ടെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടവർ 33നും 44നും ഇടയിൽ പ്രായമുള്ളവരാണ്. സരാരത്ത് സയനൈഡ് നൽകിയവരിൽ ഒരു യുവതി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു. ററ്റ്ചാബുരി പ്രവിശ്യയിലെ ഒരു മുതിർന്ന പൊലീസ് ഓഫീസറായിരുന്നു സരാരത്തിന്റെ ഭർത്താവ്. ഇരുവരും വേർപിരിഞ്ഞിരുന്നു. എന്നാൽ സരാരത്തിന്റെ കുറ്റം മറയ്ക്കാൻ ശ്രമിച്ചതിന് ഇയാൾക്കും അഭിഭാഷകനും ഒന്നും രണ്ടും വർഷം വീതം ജയിൽ ശിക്ഷയും കോടതി വിധിച്ചു.