
കോഴിക്കോട്: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നടൻ ബാലൻ കെ നായരുടെയും ശാരദ നായരുടെയും മകനാണ് മേഘനാഥൻ. സംസ്കാരം ഷൊർണൂരിലെ വീട്ടിൽ നടക്കും. 1983ൽ റിലീസ് ചെയ്ത അസ്ത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഈ പുഴയും കടന്ന്, ചെങ്കോൽ, ഉത്തമൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മേഘനാഥൻ അഭിനയിച്ചു. നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു. പറയാൻ ബാക്കി വച്ചത്, സ്നേഹാജ്ഞലി,മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച ചില സീരിയലുകൾ. ഭാര്യ സുസ്മിത,മകൾ പാർവതി.
ചെന്നൈയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മേഘനാഥൻ, കോയമ്പത്തൂരിൽ നിന്ന് ഓട്ടോമൊബൈൽ എൻജിനീയറിംഗിൽ ഡിപ്ലോമയും നേടിയിരുന്നു. തുടർന്നാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2022ൽ ആസിഫ് അലി മുഖ്യവേഷത്തിലെത്തിയ കൂമനിലാണ് മേഘനാഥൻ അവസാനമായി അഭിനയിച്ചത്.