accident

മംഗളൂരു: കർണാടക കുന്ദാപുരയിൽ മലയാളി തീർത്ഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേ​റ്റിട്ടുണ്ട്‌. ദേശീയപാതയിൽ നിന്ന് കാർ ക്ഷേത്രത്തിലേക്ക് തിരിയാനായി പിറകോട്ട് എടുക്കുന്നതിനിടെ പിറകിൽ നിന്ന് വരികയായിരുന്ന മീൻ ലോറി ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം.

മൂകാംബിക ക്ഷേത്രദർശനത്തിനായി പുറപ്പെട്ട പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പയ്യന്നൂർ തായ്നേരി കൈലാസിൽ നാരായണൻ,​ ഭാര്യ വത്സല,​ അയൽവാസി കൗസ്തുഭത്തിൽ മധു,​ ഭാര്യ അനിത,​ അന്നൂർ സ്വദേശി റിട്ട,​ അദ്ധ്യാപകൻ ഭാർഗവൻ,​ ഭാര്യ ചിത്രലേഖ,​ കാർ ഡ്രൈവർ ഫസിൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ നാരായണൻ,​ ചിത്രലേഖ,​ വത്സല,​ അനിത എന്നിവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരിലുളള മൂന്ന് സ്ത്രീകളും ഐ.സി.യുവിലാണ്. നാരായണൻ അപകടനില തരണം ചെയ്തു.

മധുവിനെയും ഭാർഗവനെയും ഫസിലിനെയും കുന്താപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ചയാണ് സംഘം പയ്യന്നൂരിൽ നിന്ന് തീർത്ഥാടനത്തിന് പുറപ്പെട്ടത്. ലോറിയുടെ മുൻവശത്തെ ടയർപൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് കണ്ടുനിന്നവർ പറഞ്ഞു. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.