
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അന്യസംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ പശ്ചിമബംഗാൾ സ്വദേശി ഹസബുൾ ബിശ്വാസിൽ നിന്നുമാണ് മൂന്ന് കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. ഹസബുൾ സഞ്ചരിച്ച ഓട്ടോ ചെങ്ങമനാട് ഭാഗത്ത് വച്ച് ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
പരിക്കേറ്റ ഇയാളെയും ഓട്ടോ ഡ്രൈവറെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത് . ഉടൻതന്നെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. ചെങ്ങമനാട് ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്പനയ്ക്കായെത്തിച്ച കഞ്ചാവാണെന്ന് അങ്കമാലി പൊലീസ് സബ് ഇൻസ്പെക്ടർ കെ.പ്രദീപ് കുമാർ പറഞ്ഞു. പൊലീസ് ആശുപത്രിയിലെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.