
''ഇന്ന് നമുക്ക് ഇരട്ടകളെ പോലുള്ള രണ്ടു സഹോദരിമാരെ പരിചയപ്പെട്ടാലോ! ഞാനറിയുന്നതിനേക്കാൾ നിങ്ങളവരെ നന്നായിട്ടറിയും. അല്ലെങ്കിൽ, നിങ്ങളില്ലെങ്കിൽ അവരില്ല! നിങ്ങൾ- ഞങ്ങൾ എന്നൊരു വകഭേദം പോലും ആവശ്യമില്ല. കാരണം, അവർ സ്ത്രീകളുടെ മാത്രം സുഹൃത്തുക്കളുമല്ലല്ലോ! ഉത്തമപുരുഷന്മാരും ഇരുവരെയും ഹൃദയത്തിലേറ്റി സ്വന്തമാക്കിക്കളയും! അത്രയേറെ മിക്കവർക്കും ഇണങ്ങിയ രണ്ടു സുഹൃത്തുക്കൾ! ഇത്രയും കേട്ടപ്പോൾ ഏതെങ്കിലും ഹൃദ്യമായ രണ്ടു രൂപങ്ങൾ, ആരുടെയെങ്കിലും മനസിൽ തെളിഞ്ഞോ? അല്ല, ഞാൻ പറഞ്ഞത് വല്ലതും നിങ്ങൾ ശ്രദ്ധിച്ചോ? അതോ, ഇതൊക്കെ കേട്ടപ്പോൾ ഒരു
'അലസത" മനസിൽ ഓടിക്കയറിയ പോലെ തോന്നുന്നോ? എന്തായാലും, ഒരു കാര്യം മനസിലായി, ആ ഇരട്ടസഹോദരിമാരിൽ ഒരുവൾ നിങ്ങളെ പിടികൂടിക്കഴിഞ്ഞു! അതല്ലേ നിങ്ങളിങ്ങനെ 'മടി" പിടിച്ചിരിക്കുന്നത്! എന്തു ചോദിച്ചാലും പ്രതികരണമില്ല, അതാണല്ലോ നിങ്ങളുടെ പ്രിയസഖി 'അലസത!" എന്താ വല്ല പരിചയവുമുണ്ടോ? ഇനി, നമുക്ക് നമ്മുടെ അടുത്ത ചങ്ങാതിയെ കൂടിയൊന്നു കണ്ടാലോ! ഒന്നിനെ കണ്ടതിന്റെ ക്ഷീണം മാറിയിട്ടില്ല, പിന്നെയാണ് ഇനി അടുത്തതിനെ! ഇങ്ങനെയൊരു ചിന്ത മനസിൽ കടന്നുകൂടിയിട്ടുണ്ടോ? എങ്കിൽ നിങ്ങൾ, രണ്ടാമത്തെ പ്രിയസഖിയേയും കണ്ടു! എന്താ,'അലംഭാവ" ത്തെ കണ്ടിട്ടുമനസിലായില്ലേ? ഇനി, ഇവർ രണ്ടുപേരുടെ മൂത്തജ്യേഷ്ഠനെയും പരിചയപ്പെടുത്തി തരാം. അതും പരിചയപ്പെടുത്തലൊന്നും ആവശ്യമില്ല,'അഴിമതി" യെ നിങ്ങളിൽ ആർക്കാണ് അറിയാത്തത്! അത്തരം വിപത്തിന് കൈകൊടുക്കാൻ നിങ്ങളിൽ പലരും തയാറാകില്ലെന്നതും ആശ്വാസം തന്നെയാണ് "" പ്രഭാഷകന്റെ വാക്കുകൾ ജിജ്ഞാസാഭരിതമായിരുന്നുവെങ്കിലും,'അലസത"യേയും,'അലംഭാവ"ത്തെയും, സഹോദരിമാരായും, 'അഴിമതി"യെ അവരുടെ മൂത്ത ജ്യേഷ്ഠനായുമുള്ള അവതരണത്തിലെ ആക്ഷേപഹാസ്യം തങ്ങൾ ആസ്വദിച്ചെന്ന ഭാവമായിരുന്നു സദസ്യരുടെ മിക്കമുഖങ്ങളിലും കണ്ടത്. തന്റെ, വിഷയാവതരണം സദസ്യർ സ്വീകരിച്ചുവെന്ന സംതൃപ്തിയോടെ, ചെറുപുഞ്ചിരിയോടെ പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''പുലിമുട്ടിൽ നിന്നും വേർപെട്ടുകിടന്നിരുന്ന വലിയൊരു കരിങ്കല്ലിനു മുകളിലിരുന്ന് യുവാവ് ചൂണ്ടയിട്ട് കടലിൽ നിന്നും മീൻപിടിക്കുകയായിരുന്നു. ധാരാളം മത്സ്യങ്ങൾ വന്നടിയുന്ന ഭാഗമായതിനാൽ, അയാളുടെ ചൂണ്ടയിൽ മീൻ കൊത്തിയിരുന്നു. ഓരോതവണയും, ചൂണ്ട ഉയർത്തി കിട്ടിയ മീനിനെ നോക്കി, അതിനെ തിരികെ കടലിലേക്ക് ഇട്ടുകൊണ്ടിരുന്നു! ഇതെന്തുകളിയെന്നു പിടികിട്ടാതെ അവിടെയുണ്ടായിരുന്ന മൂന്നുനാലുപേർ ആ കാഴ്ച അത്ഭുതപൂർവ്വം നോക്കിനിന്നു. ഒടുവിൽ, അവരിലൊരാൾ യുവാവിനോട് വിവരം തിരക്കി. അയാളുടെ മറുപടി അക്ഷരാർത്ഥത്തിൽ അവരെ ഞെട്ടിച്ചു! അത് മറ്റൊന്നുമല്ല, തന്റെ ചൂണ്ടയിൽ കൊത്തിയ എല്ലാമീനുകളും വളരെ വലുതായിരുന്നു. വലിയ മീൻ കറിവെക്കാൻ പറ്റിയ ഒരു ചട്ടി അയാളുടെ വീട്ടിലില്ലത്രെ! അതിനാൽ തന്റെ ചൂണ്ടയിൽ കൊത്തിയ എല്ലാ വലിയ മീനുകളേയും അയാൾ തിരികെ കടലിടുകയാണത്രെ! ഈ യുവാവിനെ പിടികൂടിയിരിക്കുന്നത് 'അലസത" യല്ലല്ലോ! ആമയുടെയും, മുയലിന്റെയും ഓട്ടമത്സരം ഇന്നു സംഘടിപ്പിച്ചാൽ, അതിൽ ഇപ്പോഴെങ്കിലും മുയൽ ജയിക്കുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? എങ്കിൽ, നമ്മളൊക്കെ എപ്പോഴേ വല്ലാതങ്ങ് നന്നായി പോകുമായിരുന്നില്ലേ!അലസതയും, അലംഭാവവും ചിരഞ്ജീവികളെപ്പോലെ നമുക്കൊപ്പം കൂടിയിട്ട് നൂറ്റാണ്ടുകളെത്രയായെന്നാണ് നിങ്ങൾ വിചാരിക്കുന്നത്!'അഴി", 'മതി"യെന്ന് നിശ്ചയിച്ച് ഉറപ്പിച്ചു നടക്കുന്നവരുടെ കാര്യവിചാരം പിന്നീടൊരിക്കലാകാം. കണ്ടിട്ടു നമ്മൾ വല്ലതും പഠിച്ചോ? കൊണ്ടാലല്ലേ പഠിക്കു!"" ഇപ്രകാരം പ്രഭാഷകൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ, സദസ്യരിൽ പലരും ഒരു നവസൂര്യോദയദർശനം കിട്ടിയപോലുള്ള ചിന്തയിലായിരുന്നു.