akshay-kumar

മുംബയ്: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയ അക്ഷയ്‌ കുമാറിനോട് പരാതി പറഞ്ഞ് നാട്ടുകാരൻ. താരം നിർമിച്ച് നൽകിയ ടോയ്‌ലറ്റുകളെല്ലാം നശിച്ചുപോയെന്നാണ് അദ്ദേഹം പറയുന്നത്. 2018ൽ പുറത്തിറങ്ങിയ അക്ഷയ്‌ കുമാർ നായകനായ ചിത്രം 'ടോയ്‌ലറ്റ് ഏക് പ്രേം കഥ' എന്ന സിനിമയുടെ ഭാഗമായി നിർമിച്ച് നൽകിയതാണ് ടോയ്‌ലറ്റുകൾ. ടോയ്‌ലറ്റുകൾ ഇല്ലാത്തുകാരണം ഒരു ഗ്രാമത്തിലെ സ്‌ത്രീകൾ മുഴുവൻ ബുദ്ധിമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

മുംബയ് ജുഹു ബീച്ചിനോട് ചേർന്നായിരുന്നു അക്ഷയ് കുമാർ ടോയ്‌ലറ്റ് നിർമിച്ച് നൽകിയത്. ആറ് വർഷങ്ങൾക്ക് ശേഷം ഇത് നശിച്ചുപോയിരിക്കുന്നു എന്നാണ് അദ്ദേഹത്തെ കാണാനെത്തിയ വ്യക്തി പറയുന്നത്. ഇവർ സംസാരിക്കുന്നതിന്റെ വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുംബയ് പോളിംഗ് സ്റ്റേഷന് മുന്നിൽ വച്ചാണ് അക്ഷയ്‌ കുമാറും മുതിർന്ന പൗരനും തമ്മിൽ സംസാരിക്കുന്നത്. താരം വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങി പോകാൻ ഒരുങ്ങുകയായിരുന്നു.

'നിങ്ങൾ നിർമിച്ച് നൽകിയ ടോയ്‌ലറ്റ് ഇപ്പോൾ നാശമായിരിക്കുകയാണ്. കഴിഞ്ഞ നാല് വർഷമായി ഞാനാണ് അതിന്റെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ട് പോകുന്നത്. അതിനാൽ, പുതിയ ഒരു ശൗചാലയം നിർമിച്ചു തരണം' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പരാതി കേട്ടയുടൻ ഇക്കാര്യം മുനിസിപ്പാലിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് നടൻ ഉറപ്പ് നൽകി.

ജുഹു ബീച്ചിൽ പരസ്യമായി മലമൂത്ര വിസർജനം നടത്തുന്ന സംഭവം ചൂണ്ടിക്കാട്ടി താരത്തിന്റെ ഭാര്യ കൂടിയായ നടി ട്വിങ്കിൾ ഖന്ന വർഷങ്ങൾക്ക് മുമ്പ് ട്വീറ്റ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് മൊബൈൽ ടോയ്‌ലറ്റ് സ്‌പോൺസർ ചെയ്യാമെന്ന് അക്ഷയ് കുമാർ അന്ന് തീരുമാനിച്ചത്.