cricket

ഇന്ത്യ - ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് ഇന്നുമുതൽ പെർത്തിൽ

രോഹിതിന് പകരം ഇന്ത്യയെ നയിക്കുന്നത് ജസ്പ്രീത് ബുംറ

7.50 am മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ലൈവ്

പെർത്ത് : ഒരുപക്ഷേ, ആഷസ് പരമ്പരയ്ക്കും ഒരു പടി മുകളിൽ നിൽക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് യുദ്ധത്തിനാണ് ഇന്ന് ഓസ്ട്രേലിയയിലെ പെർത്തിൽ തുടക്കമാകുന്നത് ; ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്കർ ട്രോഫിക്ക്. അഞ്ചു ടെസ്റ്റുകളാണ് ഈ പരമ്പരയിലുള്ളത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് എത്തുന്നത്. ആദ്യ ടെസ്റ്റിൽ സ്ഥിരം നായകൻ രോഹിത് ശർമ്മയല്ല ഇന്ത്യയെ നയിക്കുക, ജസ്പ്രീത് ബുംറയാണ്.തന്റെ രണ്ടാമത്തെ കുഞ്ഞ് പിറന്നതിനാലാണ് രോഹിത് ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്നത്. പാറ്റ് കമ്മിൻസിന് കീഴിലാണ് പെർത്തിലെ ന്യൂ ഓപ്റ്റസ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയ കളത്തിലിറങ്ങുന്നത്.

രോഹിത്,ഗിൽ എന്നിവർ ഇല്ലാത്തതിനാൽ പെർത്തിൽ വിരാട് കൊഹ്‌ലിയിൽ പ്രതീക്ഷാഭാരം കൂടുതലാണ്. രോഹിതിന് പകരം കെ.എൽ രാഹുൽ ഓപ്പണറായി എത്താനാണ് സാദ്ധ്യത കൂടുതൽ. കിവീസിനെതിരെ മോശമായിരുന്നതിനാൽ രാഹുലിനെ പ്ളേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നതാണ്. ഫസ്റ്റ് ഡൗൺ പൊസിഷനിൽ ഗില്ലിന് പകരം മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കലാകും ഇറങ്ങുക. ഇന്ത്യൻ എ ടീമിനാെപ്പം ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയ ദേവ്‌ദത്തിനെ ഗില്ലിന് പരിക്കേറ്റതിനാൽ സീനിയർ ടീമിലേക്ക് വിളിപ്പിക്കുകയായിരുന്നു. പരിക്ക് മാറിയാൽ ഗില്ലിനെത്തന്നെ കളിപ്പിക്കുന്നകാര്യത്തിൽ ഇന്ന് രാവിലെ ടോസിന് മുമ്പ് തീരുമാനമുണ്ടാകാനും സാദ്ധ്യതയുണ്ട്. യശസ്വി ജയ്സ്വാൾ,സർഫ്രാസ് ഖാൻ,റിഷഭ് പന്ത് എന്നീ യുവതാരങ്ങളും സാഹചര്യങ്ങളുടെ സമ്മർദ്ദം മറികടന്ന് മികവ് കാട്ടേണ്ടതുണ്ട്. സീനിയർ താരങ്ങളായ വിരാട് കൊഹ്‌ലി,രോഹിത് ശർമ്മ,അശ്വിൻ,രവീന്ദ്ര ജഡേജ എന്നിവരുടെ ഫോമില്ലായ്മയാണ് കിവീസിനെതിരായ പരമ്പരയിൽ തിരിച്ചടിയായത്. ഇവരുടെ അവസാന ബോർഡർ ഗാവസ്കർ ട്രോഫിയാകുമിതെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഇന്ത്യയു‌ടെ വെല്ലുവിളികൾ

1. ന്യൂസിലാൻഡിനെതിരെ ഇന്ത്യയിൽ നടന്ന മൂന്ന് ടെസ്റ്റുകളിലും തുടർച്ചയായി ദാരുണപരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നത് ടീമിനെ മൊത്തത്തിലും കോച്ചെന്ന നിലയിൽ ഗൗതം ഗംഭീറിനെ പ്രത്യേകിച്ചും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

2.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുവാൻ ഇനി സീസണിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ ജയിക്കേണ്ടതും ഇന്ത്യൻ ടീമിനെ സമ്മർദ്ദത്തിലാക്കുന്നു. പോയിന്റ് പട്ടികയിൽ ഓസ്ടട്രേലിയയ്ക്ക് പിന്നിൽ രണ്ടാമതാണ് ഇന്ത്യ.

3. രോഹിതിന്റെ അഭാവവും ഓസ്ട്രേലിയയിലെത്തിയശേഷം ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതുമാണ് മറ്റൊരു തിരിച്ചടി. ബാറ്റിംഗ് നിരയിൽ ഇതോടെ വലിയ ഉടച്ചുവാർക്കലാണ് വേണ്ടിവന്നിരിക്കുന്നത്.

4. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനങ്ങളിൽ പേസ് ബൗളിംഗിലെ കുന്തമുനയായിരുന്ന മുഹമ്മദ് ഷമിയുടെ അഭാവവും ഇന്ത്യയെ ബാധിക്കും. ബുംറയ്ക്ക് ഒപ്പം നിൽക്കാൻ പരിചയസമ്പന്നരായ പേസർമാരില്ല.

5. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാർ കളിച്ചിട്ടുകാലം കുറച്ചായി. ചേതേശ്വർ പുജാരയേയും അജിങ്ക്യ രഹാനെയും പോലെയുള്ള ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളെ ഇത്തവണ പരിഗണിച്ചിട്ടില്ല.

പക വീട്ടാൻ ഓസ്ട്രേലിയ

കഴിഞ്ഞ നാല് ബോർഡർ - ഗാവസ്കർ ട്രോഫികളിലും ഇന്ത്യയോട് തോൽക്കേണ്ടിവന്ന ഓസ്ട്രേലിയ അതിന്റെ പക തീർക്കാനാണ് ഇറങ്ങുന്നത്. 2014-15 സീസണിലാണ് ഓസ്ട്രേലിയ അവസാനമായി കിരീടം നേടിയത്.2016-17ലും 2022-23ലും ഇന്ത്യയിൽ നടന്ന പരമ്പരകളിലും 2018-19ലും 2020-21ലും ഓസ്ട്രേലിയയിൽ നടന്ന പരമ്പരകളിലും ഇന്ത്യയാണ് ജയിച്ചത്. നാലുടെസ്റ്റുകളുടെ പരമ്പരകളിൽ 2-1 എന്ന മാർജിനിലായിരുന്നു ഇന്ത്യയു‌ടെ വിജയങ്ങൾ.

കമ്മിൻസിന്റെ കരുത്ത്

പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയ ടീമുമായാണ് പാറ്റ് കമ്മിൻസ് കളത്തിലിറങ്ങുന്നത്. ടെസ്റ്റ് ഫോർമാറ്റിലെ മിടുക്കരായ സ്റ്റീവൻ സ്മിത്ത്,ഉസ്മാൻ ഖ്വാജ,ട്രാവിസ് ഹെഡ്,മാർനസ് ലാബുഷേയ്ൻ ,കീപ്പർ അലക്സ് കാരേ എന്നിവരാണ് ബാറ്റിംഗ് നിരയിലെ കരുത്ത്. ആൾറൗണ്ടർമാരായി ഷോൺ മാർഷും പുതുമുഖം നഥാൻ സക്സ്വീനിയും. കമ്മിൻസിനാെപ്പം ജോഷ് ഹേസൽവുഡ്,മിച്ചൽ സ്റ്റാർക്ക്,സ്കോട്ട് ബോളാണ്ട് തുടങ്ങിയവരാണ് പേസർമാരായി ഉണ്ടാവുക. സ്പിൻ മുഖമായി പരിചയസമ്പന്നനായ നഥാൻ ലിയോണും.