
സൗരോർജ കരാറിൽ കൈക്കൂലിയെന്ന് ആരോപിച്ച് കുറ്റപത്രം, അറസ്‌റ്റ് വാറണ്ട്
അമേരിക്കൻ നടപടിയിൽ ആടിയുലഞ്ഞ് അദാനി ഗ്രൂപ്പ്
കൊച്ചി: ഇന്ത്യയിൽ സൗരോർജ കരാർ ലഭിക്കാൻ ഉദ്യോഗസ്ഥർക്ക് 26.5 കോടി ഡോളർ(2,200 കോടി രൂപ) കൈക്കൂലി നൽകിയ വിവരം മറച്ച് വെച്ച് കടപ്പത്ര വിൽപ്പനയിലൂടെപണം സമാഹരിച്ചതിന് പ്രമുഖ വ്യവസായി ഗൗതം അദാനി അടക്കം എട്ടുപേർക്കെതിരെ അമേരിക്കയിലെ ഓഹരി നിയന്ത്രണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. അദാനി ഗ്രൂപ്പ് ചെയർമാനും ഇന്ത്യയിലെ രണ്ടാമത്തെ വലിയ കോടീശ്വരനുമായ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ ഉദ്യോഗസ്ഥനായ വിനീത് ജയിൻ, അഷ്വർ പവറിന്റെ രഞ്‌ജിത്ത് ഗുപ്ത, രൂപേഷ് അഗർവാൾ എന്നിവർക്കും ഇടനിലക്കാർക്കുമെതിരെയാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് കമ്മീഷൻ(എസ്.ഇ.സി) കേസെടുത്തത്. ഗൗതം അദാനി, സാഗർ അദാനി എന്നിവർക്കെതിരെ അറസ്‌റ്റ് വാറന്റും പുറപ്പെടുവിച്ചു.
രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് അദാനി ഗ്രൂപ്പ് കടുത്ത പ്രതിസന്ധി നേരിടുന്നത്. ഒന്നര വർഷം മുൻപ് ഓഫ്ഷോർ നിക്ഷേപ കേന്ദ്രങ്ങൾ നിയമവിരുദ്ധമായി ഉപയോഗിച്ച് ഓഹരി വില കൃത്രിമമായി ഉയർത്തിയെന്ന ആരോപണം അമേരിക്കയിലെ ഉൗഹക്കച്ചവട സ്ഥാപനമായ ഹിണ്ടെൻബെർഗ് ഉന്നയിച്ചതോടെ അദാനി ഗ്രൂപ്പ് തിരിച്ചടി നേരിട്ടിരുന്നു.
സംഭവിച്ചത്
2021 സെപ്തംബറിൽ അദാനി ഗ്രീൻ എനർജി 75 കോടി ഡോളർ സമാഹരിച്ച കടപ്പത്ര വിൽപ്പനയാണ് ആരോപണ നിഴലിൽ.ഇതിൽ 17.5 കോടി ഡോളർ അമേരിക്കൻ നിക്ഷേപകർ മുടക്കിയിരുന്നു. കൈക്കൂലി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചെന്ന വ്യാജ അവകാശവാദത്തോടെയാണ് കടപ്പത്ര വിൽപ്പന നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കരാർ നേടാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയ വിവരം മറച്ചുവെച്ച് നിക്ഷേപകരെ വഞ്ചിച്ചെന്നും ആരോപിക്കുന്നു.
അടിസ്ഥാന രഹിതമെന്ന് അദാനി ഗ്രൂപ്പ്
യു.എസ് സെക്യൂരിറ്റീസ് എക്‌സ്ചേഞ്ച് കമ്മീഷന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇവയെല്ലാം ആരോപണങ്ങളായതിനാൽ തെളിയിക്കപ്പെടുന്നതു വരെ കുറ്റക്കാരാകില്ലെന്നും ഗ്രൂപ്പ് വക്താവ് പറഞ്ഞു. കേസ് നേരിടാൻ നിയമപരമായ നടപടികൾ സ്വീകരിക്കും. ഉയർന്ന ഭരണനിർവഹണവും സുതാര്യതയും ഉറപ്പുവരുത്തിയും ചട്ടങ്ങൾ പാലിച്ചുമാണ് അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടപ്പത്ര വിൽപ്പനയിലൂടെ സമാഹരിച്ചത്
6,300 കോടി രൂപ
കരാറിലൂടെ ലക്ഷ്യമിട്ട ലാഭം 16,000 കോടി രൂപയെന്ന് കുറ്റപത്രം