ps-sreedharan-pilla

പനാജി: പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മികച്ച മാതൃകയാണ് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെന്ന് ആർട്ട് ഒഫ് ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ. പി എസ് ശ്രീധരൻപിള്ളയുടെ 246ാമത് പുസ്തകമായ '1008 വാമൻവൃക്ഷാസ് 'പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവിന്റെ ശിഷ്യഗണങ്ങളും ആർട്ട് ഒഫ് ലിവിംഗ് ആരാധകരും തിങ്ങി നിറഞ്ഞ രാജ്ഭവൻ ദർബാർ ഹാളിലായിരുന്നു പ്രകാശനം.

ഏറെ തിരക്കുപിടിച്ച ഔദ്യോഗിക ചുമതലകൾക്കും, ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കുമിടയിൽ ശ്രീധരൻ പിള്ള മരങ്ങളെയും ചെടികളെയും സംരക്ഷിക്കാൻ അത്യദ്ധ്വാനം ചെയ്യുന്നതിനെ രവിശങ്കർ പ്രശംസിച്ചു. അദ്ദേഹം 1008 വാമന വൃക്ഷങ്ങളും അപൂർവ്വയിനം ചെടികളും അടങ്ങിയ ഉദ്യാനം നിർമ്മിച്ചതും വാർദ്ധക്യവും രോഗവും ബാധിച്ച മരങ്ങളുടെ സംരക്ഷണത്തിനായി വൃക്ഷായുർവേദ ചികിത്സ നടപ്പാക്കിയതും മാതൃകയാക്കേണ്ടതാണെന്നും ഗവർണറുടെ പരിസ്ഥിതി സംബന്ധിയായ പുസ്തകങ്ങൾ വരും തലമുറകളെക്കൂടി മനസിൽ കണ്ടിട്ടുള്ളതാണെന്നും ശ്രീ ശ്രീ രവിശങ്കർ വ്യക്തമാക്കി.

രാജ്ഭവനിൽ പുതുതായി വളർന്നു വരുന്ന ആയിരക്കണക്കിന് ചെടികളും മരങ്ങളും പുറത്തുവിടുന്ന ഓക്സിജൻ, അന്തരീക്ഷത്തെ ശുദ്ധമാക്കി ജീവൻ നിലനിർത്താനുള്ള മഹത്തായ ഉദ്യമമാണ്. പൂർവ്വതലമുറകൾ നമ്മോട് പറഞ്ഞിട്ടുള്ളതുപോലെ ഒരാൾ ജീവിതത്തിൽ അഞ്ച് മരങ്ങളെങ്കിലും നട്ടുപിടിപ്പിക്കണമെന്ന പാഠത്തെ വീണ്ടും ശ്രീധരൻ പിള്ളയിൽ ഉൾക്കൊള്ളാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.