travel

ദൂരതാരതമ്യങ്ങളുടെ 'ആപേക്ഷിക" സിദ്ധാന്തത്തിലെ എല്ലാ സാദ്ധ്യതകളുടെയും വൻകരയിൽ, ചുഴലിക്കാറ്റു പോലൊരു ചോദ്യം: കരയിൽ നിന്ന് കടലിലേക്ക് ഏറ്റവും വലിയ തിരദൂരമെത്ര?​ കാറ്റിന്റെ ഇരുപത്തിനാല് അശ്വഋതുക്കളെയും തിരകൾക്കു മീതെ കെട്ടഴിച്ചുവിട്ട് ദക്ഷിണ പസഫിക് സമുദ്രം,​ തുഴഞ്ഞുതീരാത്ത ഉദകാരണ്യം പോലെ ഇരുണ്ടുകിടന്നു. അകലം എന്ന വാക്കിന്റെ അർത്ഥവും ആഴവും കടഞ്ഞു വിയർക്കുമ്പോഴും ബാക്കിയാകുന്നൊരു നവനീത കൗതുകം: ഈ കരയിൽ നിന്ന് ആകാശമെന്ന അദ്ഭുതസങ്കല്‌പത്തിന്റെ ഗിരിലാവണ്യങ്ങളിലേക്കല്ലാതെ,​ കണ്ണുകൾ നേരെ നീട്ടി മനുഷ്യന് അളന്നെടുക്കാവുന്ന മഹാദൂരം ഭൂമിയിൽ എവിടെയാണ്?​ ദക്ഷിണ പസഫിക് മഹാസമുദ്രത്തിൽ,​ ​2688 കിലോമീറ്ററുകൾക്കപ്പുറം ആ വരുണ ദ്വീപുണ്ട്: പോയിന്റ് നെമോ. ഏകാന്തമെന്ന പദത്തിന് ഭൂമിയിൽ ജലംകൊണ്ടെഴുതിയ പൂർണാർത്ഥം!

'ആരുമില്ലാത്തിടം" എന്നു തന്നെ 'നെമോ" എന്ന ലാറ്റിൻ പദത്തിന് അർത്ഥം. മഹാസമുദ്രത്തിലെ ഈ ദുസ്തര ദൂരത്തിനപ്പുറം,​ ഒരു ചെറുദ്വീപിന്റെ ശ്യാമച്ഛായ പോലുമില്ലാത്ത ജലാകാശ നടുവിൽ ആര്,​ എങ്ങനെയുണ്ടാകാൻ! നാവികരുടെ ദൂരഗണിതത്തിൽ 'പോയിന്റ് നെമോ"യുടെ സങ്കല്പസ്ഥാനം ഇങ്ങനെ: പസഫിക്കിലെ തന്നെ പിറ്റ്കെയ്ൻ ദ്വീപുസമൂഹത്തിൽ നിന്നും,​ ചിലിയുടെ പതാകയ്ക്കു കീഴിലുള്ള ഈസ്റ്റർ ദ്വീപു ശൃംഖലയിലെ മോട്ടു നൂയിയിൽ നിന്നും,​ അന്റാർട്ടിക്കയിലെ മേഹ‌ർ ദ്വീപിൽ നിന്നും തെക്കൻ പസഫിക് സമുദ്രത്തിലൂടെ 2688 കിലോമീറ്റർ വീതം ദൂരത്തിൽ! മൂന്ന് ദൂരദ്വീപുകളുടെ അരികുകളിൽ നിന്ന് അളന്നുകുറിക്കാവുന്ന ജലദൂരമെങ്കിലും,​ നാവികരുടെ കഥകളിൽ ദ്വീപ് എന്ന് വിളിക്കാറുണ്ടെങ്കിലും 'പോയിന്റ് നെമോ" എന്നത് തുല്യദൂരങ്ങളുടെ സംഗമബിന്ദുവായൊരു ജലസങ്കല്പം മാത്രം. കാണാദൂരങ്ങളിലൊന്നും കരയുടെ കാഴ്ചളേതുമില്ലാതെ,​ കടൽനടുവിൽ വെള്ളംകൊണ്ടു മാത്രം അടയാളമിട്ടൊരു സ്വപ്നചിത്രം!

എങ്കിലും നാവിക ഭൂപടത്തിൽ,​ 'പോയിന്റ് നെമോ"യുടെ വിളിപ്പുറത്തെവിടെയെങ്കിലും ഏതെങ്കിലുമൊരു കപ്പൽപ്പാത ഇല്ലാതിരിക്കുമോ എന്ന ചോദ്യമുദിക്കുന്ന ശൂന്യമസ്തിഷ്കങ്ങൾ ഈ അവിശ്വസനീയ സത്യമറിയണം. 'പോയിന്റ് നെമോ"യുടെ വന്യശൂന്യതയിൽ നിന്ന്,​ ആ ചോദ്യശില്പി ഒന്നുറക്കെ നിലവിളിക്കുന്നുവെന്ന് വിചാരിക്കുക. ആ വിളിക്കു ചെന്നെത്താനുള്ള ഏറ്റവും അയലത്തെ മനുഷ്യസാന്നിദ്ധ്യം പോലും,​ അതിനു മീതെ ആകാശപഥത്തിന്റെ പ്രദക്ഷിണ വൃത്തത്തിലുള്ള ഇന്റർനാഷണൽ സ്‌പേസ് സ്റ്രേഷനിലാണ്- വെറും 400 കിലോമീറ്റർ ഉയരത്തിൽ.

ജീവികളില്ലാത്ത ജല മരുഭൂമി

മനുഷ്യർക്കു ചെന്നെത്താനാകാത്തിടത്ത് സമുദ്രജാലങ്ങൾക്ക് ഇഷ്ടവിഹാരം ആകാമല്ലോ എന്ന ജീവിസ്നേഹവും മനസിൽ വയ്ക്കേണ്ടതില്ല. എന്തെന്നാൽ, കടൽഗർഭത്തിൽ ചില സൂക്ഷ്മ ജീവികളെ കണ്ടേക്കാമെന്നല്ലാതെ ശരീരരൂപം പ്രാപിച്ച ഒരൊറ്റ ജീവിയും, വടക്കേ അമേരിക്കയുടെ രണ്ടിരട്ടിയോളം വിസ്തൃതിയുള്ള 'പോയിന്റ് നെമോ"യിലേക്ക് എത്തിനോക്കുക പോലുമില്ല. കാരണം,​ ഏകാന്തമെന്നതുപോലെ,​ ഈ ജലമരുഭൂമി സമുദ്രജീവികൾക്ക് ഭക്ഷണശൂന്യവുമാണ്. പ്ളവകസസ്യങ്ങൾ പോലുമില്ലാത്ത 'പോയിന്റ് നെമോ"യെക്കുറിച്ച് സമുദ്ര സഞ്ചാരിയായ സ്റ്റീവൻ ഡൂൺടിന്റെ ഡയറിക്കുറിപ്പുകളിലെ ആദ്യവാക്യം പോലും ഇങ്ങനെ: പസഫിക് എന്ന സമുദ്രപ്രപഞ്ചത്തിൽ ഒരു ജലശ്‌മശാനമുണ്ട്; അത് ഇവിടമാണ്!

ഭൂമിയിൽ,​ സമുദ്രത്തിന്റെ ഗർഭഗൃഹത്തിൽ തുടിച്ചുയിർത്ത ജീവന്റെ അദ്ഭുതപ്രതിഭാസം ഈയൊരു മഹാവൃത്തത്തെ മാത്രം ഇങ്ങനെ ഉപേക്ഷിക്കാനെന്ത്?​ അത് പസഫിക്കിലെ സമുദ്ര ജലപ്രവാഹങ്ങൾ തീർച്ചപ്പെടുത്തിയ ഒരു തിരസ്കാരത്തിന്റെ കഥയാണ്. ദക്ഷിണ പസഫിക് സമുദ്രത്തിൽ ഒൻപതു ദശലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയിൽ ചുറ്റുന്നൊരു കടലൊഴുക്കുണ്ട്, 'പോയിന്റ് നെമോ"യ്ക്കു ചുറ്റും. ഈ പ്രവാഹ പമ്പരത്തിനപ്പുറമാണ് പസഫിക്കിലെ ജീവസമൃദ്ധിയെല്ലാം. മനുഷ്യഗന്ധം പരിചിതമല്ലാത്ത,​ മത്സ്യങ്ങൾ നീരസപൂർവം ഒഴിവാക്കുന്ന,​ ചരിത്രത്തിൽ ഒരിക്കൽപ്പോലും കപ്പൽച്ചാലുകളുടെ ജലരേഖ പതിയാത്ത 'പോയിന്റ് നെമോ"യിൽ കാറ്റിന്റെ പ്രാണസ്വനം മാത്രം. പ്രചണ്ഡവാതങ്ങൾ ഭ്രാന്തെടുത്തു പായുന്ന പസഫിക്കിന്റെ തിരശിരസുകളെല്ലാം ഈ നിശ്ശൂന്യതയുടെ വന്മതിലിനിപ്പുറം വന്ന് പത്തിതാഴ്ത്തുന്നു.

ആരെങ്കിലും എന്നെങ്കിലുമൊരിക്കൽ,​ പ്രശാന്തിയുടെ അർത്ഥം ചോദിച്ചാൽ പറഞ്ഞുകൊടുക്കാൻ ദൈവം പണ്ടേ കണ്ടുവച്ചതു പോലുള്ള 'പോയിന്റ് നെമോ" എന്ന ജലാരണ്യകത്തിന്റെ സ്ഥാനം ആദ്യം രേഖപ്പെടുത്തിയത് ക്രൊയേഷ്യൻ- കനേഡിയൻ സർവേ എൻജിനിയർ ഹർവോ ല്യുകാതെല ആണ്. ജിയോ‌ സ്പേഷ്യൽ കംപ്യൂട്ടർ സോഫ്‌ട് വെയറുകളുടെ സഹായത്തോടെ ഈ സമുദ്രദൂരം കണ്ടെത്തിയ അദ്ദേഹം പക്ഷേ, ഒരിക്കൽപ്പോലും അവിടം കണ്ടിട്ടില്ല. ഒരു സാഹസിക നാവികനും അവിടേയ്ക്കൊരു സഞ്ചാരത്തിന് നൗകപ്പായ നിവർത്തിയില്ല. 2600 കി.മീറ്റർ എന്ന ദൂരദൂരം കടൽയാത്രയ്ക്ക് എന്ത് ഇന്ധനം,​ എവിടെ സംഭരിക്കാൻ? ദിക്കു മാത്രം നോക്കിയും, ലക്ഷ്യമുറപ്പിക്കാൻ വിദൂരമായൊരു കരയടയാളം പോലുമില്ലാതെയും, അപായ സന്ദേശമയച്ചാൽ മറുവിളിക്കായി ആരൊരാളുമില്ലാതെയും ഏകാന്തതയുടെ സമുദ്രഗർവ് മാത്രം നിറയുന്ന 'പോയിന്റ് നെമോ" ദൈവത്തിന്റെ പ്രാർത്ഥനാഗൃഹം പോലെ അങ്ങനെ കിടന്നു. പക്ഷേ,​ ഏത് അസാദ്ധ്യ യാത്രകളുടെയും അറ്റത്ത്, മരണത്തെയും വെല്ലുവിളിക്കുന്നൊരു മനുഷ്യധീരത ചരിത്രം ഇടയ്‌ക്കൊക്കെ എഴുതിവയ്ക്കുമല്ലോ!

കന്യാജലത്തിലെ ആദ്യ സ്നാനം

2024 മാർച്ച് 20. തെക്കൻ പസഫിക് സമുദ്രത്തിലെ ജലശ‌്മശാനത്തിനു മീതെ വെറുതേ ചുറ്റിയടിച്ച ആൽബട്രോസ് പക്ഷികളുടെ

സംഘമാണ് അതു കണ്ടത്. അതുവരെ ആ ജലമേഖലയിലൊന്നും കണ്ടിട്ടില്ലാത്ത രണ്ടു ജീവിരൂപങ്ങൾ! ഒന്ന്, 'പോയിന്റ് നെമോ"യിൽ നീന്തിത്തുടിക്കുന്നു! അതേ മുഖമുള്ള മറ്രൊന്ന് ആ കടൽക്കുളിയുടെ ചിത്രമെടുക്കുന്നു! ക്രിസ് ബ്രൗണും മകൻ മിക ബ്രൗണും. 'പോയിന്റ് നെമോ" ഇന്നോളം കണ്ടിട്ടുള്ള രണ്ട് മനുഷ്യർ! ബ്രിട്ടീഷ് സാഹസിക സമുദ്ര സഞ്ചാരിയായ ക്രിസ് ബ്രൗൺ പെട്ടെന്നൊരു പ്രഭാതത്തിൽ പസഫിക്കിലെ ആ അപകടവൃത്തത്തിലേക്ക് മകനെയും കൂട്ടി പുറപ്പെടുകയായിരുന്നില്ല. ചെന്നെത്താനാകില്ലെന്ന് ഭൂമിശാസ്ത്രകാരന്മാർ രേഖപ്പെടുത്തി, അപകട മുന്നറിയിപ്പോടെ കൈയൊഴിഞ്ഞ മരണവാതിലുകളിൽ ചെന്നു മുട്ടിത്തുറക്കുന്നത് ശീലമാക്കിയ ധിക്കാരിയായ പര്യവേഷകൻ!

ചിലിയിലെ പ്യൂർട്ടോമോണ്ടിൽ നിന്ന് 2024 മാർച്ച് 12 ന് പുറപ്പെട്ടതായിരുന്നു ക്രിസ് ബ്രൗണിന്റെ പര്യവേഷണ നൗകയായ ഹാൻസ് എക്‌സ്‌പ്ളോറർ. യാത്ര അസാദ്ധ്യമെന്ന് ലോകം നിശ്ചയിച്ച എട്ട് ധ്രുവങ്ങളിൽ ആറിനെയും തോല്പിച്ച ക്രിസിനു മുന്നിൽ സമുദ്രശാസ്ത്രജ്ഞർ കടൽധ്രുവമെന്നു പേരിട്ട് അകറ്റിയ 'പോയിന്റ് നെമോ" അറുപത്തിരണ്ടാം വയസിലും ഏറ്റവും വലിയ വെല്ലുവിളിയുടെ മുനപോലെ കൂർത്തുനില്പായിരുന്നു. ആ സ്വപ്നത്തിനു കീഴെയാണ് എഴു മാസങ്ങൾക്കു മുമ്പ് ക്രിസ് ബ്രൗണും,​ ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ ആയ മുപ്പതുകാരൻ മകൻ മികായും സാഫല്യത്തിന്റെ ജലമുദ്ര‌യെഴുതിയത്. യാനപാത്രത്തിലിരുന്ന് സംഘാംഗങ്ങൾ ആ ചരിത്രനിമിഷം വീ‌ഡിയോയിൽ പകർത്തി. 'പോയിന്റ് നെമോ"യിലെ കന്യാജലത്തിന്റെ തണുപ്പിൽ ഒന്നാംതവണ മുങ്ങിനിവർന്ന് ക്രിസ് ആർത്തുവിളിച്ചു: ഞാൻ,​ സമുദ്രദേവതയുടെ ഏകാന്ത സ്നാനഗൃഹത്തിൽ ഒളിഞ്ഞുനോക്കുന്ന ആദ്യ മനുഷ്യൻ!

ദൈവത്തിന്റെ അധരമുദ്ര

ഒരു നിലവിളിയും ചെന്നെത്താത്ത സമുദ്രദൂരത്തിന്റെ ഭീതിദമായ അകലമത്രയും കടന്ന്,​ 'പോയിന്റ് നെമോ"യിലെ വിശുദ്ധ ജ്ഞാനസ്നാനവും കഴിഞ്ഞ് യോർക്ക്‌ഷയറിൽ തിരിച്ചെത്തിയ ക്രിസ് ബ്രൗൺ ആദ്യം ചെയ്തത് ഡയറി തുറന്ന് എഴുതിത്തുടങ്ങുകയാണ്: 'ഏതു ജലവിസ്മയത്തേക്കാൾ ഞാൻ ഭൂമിയുടെ സാമീപ്യത്തെ പ്രണയിക്കുന്നു. തിരകളുടെ വെല്ലുവിളികളെ എത്രമേൽ തീവ്രമായി ഇഷ്ടപ്പെടുന്നുവോ,​ അതിലും ആയിരമിരട്ടി തീവ്രമായി ഞാൻ കടൽക്കരയുടെ ഈറൻസ്പർശത്തെ സ്നേഹിക്കുന്നു. പസഫിക്കിന്റെ തീരത്ത്,​ വെറുതേ നോക്കിനില്ക്കുമ്പോൾ കാൽവിരലുകളിൽ വന്നു തൊടുന്ന തിരയുടെ ജലാധരത്തിൽ ഞാൻ ദൈവത്തിന്റെ ചുംബനം അറിയുന്നു...."

ജീവിതത്തിന് സാഹസികമെന്ന് അർത്ഥം പറയുന്ന ക്രിസ് ബ്രൗണിന്റെ ജീവചരിത്രത്തിൽ കൗതുകമുള്ളൊരു ഗിന്നസ് റെക്കാ‌ഡുണ്ട്: വെള്ളത്തിലേക്ക് ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ തവണ മുതലക്കൂപ്പു കുത്തിയ വ്യക്തി! 2021 നവംബ‌‌‌ർ 30- ന് നോർത്ത് യോർക്ക്‌‌ഷയറിൽ ലീഡ്‌സിലെ തടാകത്തിലായിരുന്നു ആ മാരത്തൺ മുതലക്കൂപ്പ്! അസാദ്ധ്യമെന്നു നിർവചിക്കപ്പെടുന്ന ദൂരങ്ങൾ കീഴടക്കുകയെന്ന നിശ്ചയം ക്രിസ് ബ്രൗൺ മനസിലെഴുതിയത് 2016-ൽ അന്റാർട്ടിക്കയിലേക്കു നടത്തിയ സംഘയാത്രയിലാണ്. ദക്ഷിണ ധ്രുവത്തിലെത്തുന്ന പ്രായം കൂടിയ മനുഷ്യനെന്ന റെക്കാഡിനുള്ള ശ്രമവുമായി അമേരിക്കൻ ബഹിരാകാശ സഞ്ചാരി ബസ് ആൽഡ്രിനും ഉണ്ടായിരുന്നു,​ അന്ന് ആ ധ്രുവസഞ്ചാരികളുടെ സംഘത്തിൽ (ആൽഡ്രിന് അന്ന് 88 വയസ്)​. മനുഷ്യന്റെ ആദ്യ ചാന്ദ്രദൗത്യത്തിൽ നീൽ ആംസ്ട്രോങിനൊപ്പമുണ്ടായിരുന്ന അതേ ആൽ‌ഡ്രിൻ!

കൊടുമുടിയിലെ പ്രതിജ്ഞാവാക്യം

രണ്ടുവർഷം കഴിഞ്ഞായിരുന്നു,​ ക്രിസ് ബ്രൗണിന്റെ 'എവറസ്റ്റ് വിരുന്ന്!" ഇംഗ്ളണ്ടിലെ ഒരു ജീവകാരുണ്യ സംഘടനയ്ക്കായി നടത്തിയ ധനശേഖരണ ദൗത്യത്തിന്റെ ഭാഗമായിരുന്നു കൊടുമുടിമീതെ ക്രിസ് ഉൾപ്പെടെ ആരോഹക സംഘത്തിന്റെ ഉച്ചവിരുന്ന്. സപ്തഭൂഖണ്ഡങ്ങളിലെയും ഉയരമാർന്ന കൊടുമുടികൾ കീഴടക്കാനുള്ള പർവതാരോഹണ സംഘത്തിന്റെ ഐഡിയ (സെവൻ സമ്മിറ്റ്‌സ് ചലഞ്ച്)​ കേട്ടപ്പോൾ ക്രിസ് ബ്രൗണിന്റെ ശിരസിലുദിച്ചത് അതുവരെയാർക്കും തോന്നാത്തൊരു ഭ്രാന്തൻ സഞ്ചാര പരിപാടി! മനുഷ്യന് ഒരിക്കലും ചെന്നെത്താനാകില്ലെന്ന് വിശ്വസിക്കപ്പെടുന്ന എട്ട് ധ്രുവമേഖലകളിലേക്ക് പുറപ്പെടുക. ആ നിരയിൽ ആറാമത്തേതായിരുന്നു,​ സമുദ്രധ്രുവമെന്ന് പര്യവേഷകർ പേരിട്ട 'പോയിന്റ് നെമോ"യുടെ 'സമുദ്രശ്മശാന"ത്തിലേക്കുള്ള സാഹസിക തീർത്ഥാടനം.

കരയിൽ നിന്ന് അതിവിദൂരമായ,​ ജീവസാന്നിദ്ധ്യമേതുമില്ലാത്ത 'പോയിന്റ് നെമോ"യെ അക്ഷരാർത്ഥത്തിൽ സെമിത്തേരിയാക്കുന്നത് ലോക ബഹിരാകാശ മേഖലയാണ്! കാലാവധി കഴിഞ്ഞ വാനപേടകങ്ങളുടെ പ്രേതഗാത്രങ്ങൾക്കും,​ അറ്റകുറ്റപ്പണികൾക്കിടെ പുറന്തള്ളപ്പെടുന്ന കിഴവൻ ഘടകഭാഗങ്ങൾക്കും അന്ത്യകൂദാശ നല്കി,​ ആകാശത്തു നിന്നുതന്നെ സംസ്കാര നിക്ഷേപം നടത്തുന്നത് ദക്ഷിണ പസഫിക്കിലെ 'പോയിന്റ് നെമോ"യുടെ ജലശ്മശാനത്തിലേക്കാണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ 'നാസ"യാണ് ഉപഗ്രഹങ്ങൾക്കായി,​ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ഈ സെമിത്തേരി കണ്ടെത്തിയത്. നാസയുടെ ആദ്യ സ്‌പേസ് സ്റ്രേഷൻ ആയ സ്കൈലാബ് ഉൾപ്പെടെ 'പോയിന്റ് നെമോ"യുടെ ഏകാന്ത നിശബ്ദയിൽ,​ തിരകളുടെ സങ്കീർത്തനങ്ങൾക്കു കീഴെ അന്ത്യനിദ്ര കൊള്ളുന്നത് ഇതുവരെ മുന്നൂറോളം ഉപഗ്രഹ ഭാഗങ്ങൾ! ക്രിസ് ബ്രൗണിന്റെ ഡയറിക്കുറിപ്പ് തുടരുകയാണ്: 'സമുദ്ര ദേവതകളേ,​ 'പോയിന്റ് നെമോ" എന്ന ഏകാന്ത ഗൃഹത്തിലേക്ക് അനുവാദമില്ലാതെ കടന്നുവന്നതിനും,​ തിരകളുടെ കന്യാവനം തീണ്ടിയതിനും ക്ഷമിക്കുക!"