snake

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഒരുപരിധിവരെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രതിരോധ-ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് നടന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ സംബന്ധിച്ച സമഗ്ര പഠനം നടത്തി 273 പഞ്ചായത്തുകള്‍ സംഘര്‍ഷമേഖലകളായും ഇതില്‍ 30 പഞ്ചായത്തുകള്‍ അതിതീവ്ര സംഘര്‍ഷ മേഖലകളായും കണ്ടെത്തി. ഈ 273 ഹോട്ട്‌സ്പോട്ടുകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധ-ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ മാസ്റ്റര്‍ പ്ലാനുകളാകും തയ്യാറാക്കുക. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടുതലായിട്ടുള്ള പ്രദേശങ്ങളെ 12 ലാന്‍ഡ്‌സ്കേപ്പുകളായി തിരിച്ചിട്ടുണ്ട്.ലാന്‍ഡ്‌സ്കേപ്പുതല മാസ്റ്റര്‍ പ്ലാനുകള്‍ ക്രോഡീകരിച്ച് സംസ്ഥാനതല കര്‍മപദ്ധതിയും തയ്യാറാക്കും.
സംസ്ഥാനതല കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സേഫ്-ഹാബിറ്റാറ്റ് ഹാക്ക് (ഹാക്കത്തോണ്‍) സംഘടിപ്പിക്കുന്നു.

ഹാക്കത്തോണ്‍
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും ആവാസവ്യവസ്ഥകളുടെ സുസ്ഥിര പരിപാലനത്തിനും നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഹാക്കത്തോണ്‍. കെ-ഡിസ്‌കുമായി സഹകരിച്ചാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
വിവിധ സ്റ്റാര്‍ട്ട്-അപ്പുകള്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, ഇന്നവേറ്റര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, ഗവേഷകര്‍, ഹാബിറ്റാറ്റ് പരിപാലന മേഖലയിലെ വിദഗ്ദ്ധര്‍ എന്നിവര്‍ ഹാക്കത്തോണില്‍ പങ്കാളികളാകാം.
ആശയങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ആണ്. സമര്‍പ്പിച്ച ആശയങ്ങള്‍ ഒരു വിദഗ്ദ്ധ സമിതി പരിശോധിക്കുകയും തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍ അടുത്ത ഫെബ്രുവരി 15 നു ശേഷം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ വനം വകുപ്പിന്റെയും കെ ഡിസ്‌കിന്റെയും വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

മിഷന്‍ ഫെന്‍സിംഗ് - 2024
സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ വനം വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന തീവ്രയജ്ഞ പരിപാടിയാണ് മിഷന്‍ ഫെന്‍സിംഗ് 2024.
സംസ്ഥാനത്തെ 1400 കി.മീ-കളിലായി സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ വേലികളില്‍ തകരാറുള്ള ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് പൊതുജന പങ്കാളിത്ത ത്തോടുകൂടി സമയബന്ധിതമായി പദ്ധതിരേഖ തയ്യാറാക്കും.അവസാന ഘട്ടമായ ഡിസംബര്‍ 16 മുതല്‍ 24 വരെ പൊതുജന പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തനക്ഷമമാക്കിയ സൗരോര്‍ജവേലികള്‍ നാടിനു സമര്‍പ്പിക്കും.

പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം

ഇത് കൂടാതെ സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് അടുത്ത അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം എന്ന പദ്ധതിയും വനം വകുപ്പ് നടപ്പാക്കും. പാമ്പുവിഷബാധയേറ്റുള്ള അപകട സാധ്യതാനിരക്ക് ആദ്യ രണ്ടു വര്‍ഷത്തില്‍ 50 ശതമാനം കുറവ് വരുത്തുകയാണ് ഒന്നാം ഘട്ടത്തിലെ ലക്ഷ്യം. ആദ്യഘട്ടമായി പരിശീലനങ്ങള്‍ ജനുവരി മുതല്‍ ആരംഭിക്കും.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യൂ, വെറ്ററിനറി - മൃഗസംരക്ഷണം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുക.