
ജോർജ് ടൗൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതികൾ നൽകി ആദരിച്ച് കരീബിയൻ രാജ്യങ്ങളായ ഗയാനയും ഡൊമിനിക്കയും ബാർബഡോസും. ഗയാനയുടെ തലസ്ഥാനമായ ജോർജ്ജ് ടൗണിൽ രണ്ടാം ഇന്ത്യാ-കാരിക്കോം ഉച്ചകോടിക്കിടെയാണ് അംഗീകാരം.
ഗയാനയുടെ ഉയർന്ന ദേശീയ ബഹുമതിയായ 'ദ ഓർഡർ ഒഫ് എക്‌സലൻസ്" പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയും, ഡൊമിനിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഡൊമിനിക്ക അവാർഡ് ഒഫ് ഓണർ" പ്രസിഡന്റ് സിൽവനീ ബർട്ടണും മോദിക്ക് സമ്മാനിച്ചു. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധവും കൊവിഡ് കാലത്ത് നൽകിയ സഹായങ്ങളും മുൻനിറുത്തിയാണ് ആദരം.
വിദേശ നേതാക്കൾക്ക് നൽകുന്ന ഉയർന്ന ബഹുമതിയായ 'ഓണററി ഓർഡർ ഒഫ് ഫ്രീഡം ഒഫ് ബാർബഡോസ്" മോദിക്ക് നൽകുമെന്ന് ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ട്ലി പ്രഖ്യാപിച്ചു. ഈ മാസം 30ന് ബാർബഡോസിൽ വച്ച് സമ്മാനിക്കും. ബഹുമതികൾ ഇന്ത്യൻ ജനതയ്ക്ക് സമർപ്പിക്കുന്നതായി മോദി പറഞ്ഞു. ഗ്രനേഡ, സെന്റ് ലൂസിയ, ആന്റിഗ്വ ആൻഡ് ബാർബ്യൂഡ പ്രധാനമന്ത്രിമാരും സന്നിഹിതരായിരുന്നു. കരീബിയൻ നേതാക്കളുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തി. അടുത്ത ഇന്ത്യ- കാരിക്കോം ഉച്ചകോടി ഇന്ത്യയിൽ നടത്തും. റഷ്യ, യു.എസ്, ഫ്രാൻസ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടേത് അടക്കം 19 അന്താരാഷ്ട്ര ബഹുമതികൾ ഇതുവരെ മോദിയെ തേടിയെത്തി. ഗയാന സന്ദർശനം പൂർത്തിയാക്കുന്ന മോദി ഇന്ന് പുലർച്ചെ ഇന്ത്യയിലേക്ക് തിരിക്കും.
സംഘർഷങ്ങളുണ്ടാക്കുന്ന സാഹചര്യങ്ങൾ ഇല്ലാക്കണം: മോദി
ലോകത്ത് സംഘർഷത്തിനുള്ള സമയമല്ല ഇതെന്നും, സംഘർഷങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ഇല്ലാതാകേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. ഇന്നലെ ഗയാന പാർലമെന്റിന്റെ പ്രത്യേക സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.