ind-vs-aus

പെര്‍ത്ത്: ടെസ്റ്റ് ക്രിക്കറ്റില്‍ ആഷസിനോളമോ അല്ലെങ്കില്‍ അതിനേക്കാള്‍ ഒരു പടി മുകളിലോ ആണ് ഇന്ത്യയും ഓസ്‌ട്രേലിയയും പോരടിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക്. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കും. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിജയിക്കുകയും ട്രോഫി തൂക്കുകയും ചെയ്തത് ഇന്ത്യയാണ്. എന്നാല്‍ ഇത്തവണ സമീപകാല ഫോം പരിശോധിച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമല്ല.

12 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോറ്റാണ് ഇന്ത്യ ഓസ്‌ട്രേലിയക്ക് വിമാനം കയറിയത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ നാട്ടില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന്റെ നാണക്കേട് വേറെയും. എല്ലാക്കാലത്തും ഇന്ത്യയിലെത്തുന്ന ടീമുകളുടെ പേടിസ്വപ്‌നമായിരുന്നു പന്ത് കുത്തിത്തിരിയുന്ന പിച്ചുകളെങ്കില്‍ ഇതേ വജ്രായുധമാണ് ഇന്ത്യയെ തിരിഞ്ഞുകൊത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മൂന്നാം തവണ ബെര്‍ത്ത് ഉറപ്പിക്കണമെങ്കില്‍ ഇന്ത്യക്ക് തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം തന്നെ ഓസീസ് മണ്ണില്‍ പുറത്തെടുക്കേണ്ടി വരും.

ന്യൂസിലാന്‍ഡിനെതിരായ പരമ്പര ആരംഭിക്കുമ്പോള്‍ അത് തൂത്തുവാരി ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ച ശേഷം ഓസീസിനെതിരായ പരമ്പര എന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കുറഞ്ഞത് 3-1 എന്ന സ്‌കോറിനെങ്കിലും വിജയിക്കണം മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഫൈനലിന് യോഗ്യത നേടാന്‍. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇല്ലാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത്. തന്റെ രണ്ടാമത്തെ കുഞ്ഞ് പിറന്നതിനാല്‍ മുംബയില്‍ കുടുംബത്തിനൊപ്പമാണ് ഹിറ്റ്മാന്‍. അടുത്ത മാസം ആറിന് അഡലെയ്ഡിലെ രണ്ടാം ടെസ്റ്റിലെ താരം മടങ്ങിയെത്തുകയുള്ളൂ.

രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക. ഓസ്‌ട്രേലിയയിലെ വേഗവും ബൗണ്‍സുമുള്ള പിച്ചുകള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഒട്ടും സുഖകരമായ അനുഭവമായിരിക്കില്ല. ഇപ്പോഴത്തെ ഫോം കൂടി പരിഗണിച്ചാല്‍ കാര്യങ്ങള്‍ കടുപ്പമായിരിക്കും. യശ്വസ്‌വി ജയ്‌സ്‌വാളിനൊപ്പം ഓപ്പണറായി എത്തേണ്ട ഗില്‍ പരിക്കിന്റെ പിടിയിലാണ്. താരം കളിക്കുന്നില്ലെങ്കില്‍ കെഎല്‍ രാഹുല്‍ ഓപ്പണായി എത്തും. മോശം ഫോമില്‍ തുടരുന്ന വിരാട് കൊഹ്ലി നാലാമനായി എത്തുമ്പോള്‍ മൂന്നാമനായി കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എത്താനാണ് സാദ്ധ്യത.

റിഷഭ് പന്തിന്റെ ഇഷ്ട വേദികളിലൊന്നാണ് ഓസ്‌ട്രേലിയ. സര്‍ഫറാസിന് ഇത് ആദ്യത്തെ ഓസീസ് പര്യടനം. എ ടീമിന്റെ ഭാഗമായി ഓസ്‌ട്രേലിയയില്‍ എത്തി മികച്ച പ്രകടനം പുറത്തെടുത്ത ധ്രുവ് ജൂരലിന് അവസരം ലഭിച്ചേക്കും. ഓള്‍റൗണ്ടര്‍ നീതീഷ് കുമാര്‍ റെഡ്ഡിക്കും സാദ്ധ്യതയുണ്ട്. സ്പിന്നര്‍മാരായ അശ്വിനും ജഡേജയും ഒരുമിച്ച് കളിക്കാന്‍ ഇപ്പോഴത്തെ നിലയില്‍ സാദ്ധ്യതയുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും മികവ് പുലര്‍ത്തുന്നതിനാല്‍ വാഷിംഗ്ടണ്‍ സുന്ദറിനേയും പരിഗണിച്ചേക്കും. എന്നാല്‍ ഒരേസമയം മൂന്ന് സ്പിന്നര്‍മാരേ എങ്ങനെ കളിപ്പിക്കുമെന്നതാണ് പ്രതിസന്ധി.